കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്. വീടുകളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത രേഖകള്‍ പലതും ഷാജിയുടെ ഭാര്യയുടെ പേരില്‍ കൂടി ആയതിനാലാണ് തീരുമാനം. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ അളന്ന് തിട്ടപ്പെടുത്താന്‍ PWD യോട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. 

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ തിങ്കളാഴ്ചയാണ് കെ.എം. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ അഴീക്കോട്ടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. കോഴിക്കോട്ടെ പരിശോധന തിങ്കളാഴ്ച രാത്രിയോടെയും അഴീക്കോട്ടെ പരിശോധന ചൊവ്വാഴ്ച ഉച്ചയ്ക്കുമാണ് പൂര്‍ത്തിയായത്.

ഷാജിയുടെ വീട്ടില്‍നിന്ന് 47.35 ലക്ഷം രൂപ കണ്ടെത്തിയെന്നാണ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടൊപ്പം 77 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ രേഖകളില്‍ പലതും ഭാര്യയുടെ പേരിലാണ്. 

ഷാജിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത 50 പവന്‍ സ്വര്‍ണവും വിദേശ കറന്‍സിയും വിജിലന്‍സ് സംഘം തിരികെനല്‍കി. ഇതില്‍ അസ്വാഭാവികതയില്ലെന്ന കണ്ടെത്തെലിനെ തുടര്‍ന്നാണ് ഇവ തിരികെനല്‍കിയത്. വിദേശകറന്‍സി മക്കളുടെ ശേഖരമാണെന്ന് കെ.എം. ഷാജിയും നേരത്തെ പറഞ്ഞിരുന്നു. 

രേഖകളില്‍ കോടതിയില്‍ നിന്ന് ലഭിച്ച ശേഷം കെ.എം.ഷാജിയെ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Content Highlight: K.M shaji's wife to be interrogated by Vigilance