അഴീക്കോട്ടെ വാശി കോടതി കയറിയപ്പോള്‍ കെ.എം ഷാജിക്കും യുഡിഎഫിനും തിരിച്ചടി. വോട്ടെണ്ണിയപ്പോള്‍ തോറ്റ നികേഷ്‌കുമാറിനും സിപിഎമ്മിനും കോടതി വിധി അനുകൂലമായി. തിരഞ്ഞെടുപ്പില്‍ വര്‍ഗീയമായി വോട്ടുപിടിച്ചുവെന്ന ഗുരുതരമായ കുറ്റത്തിന്റെ പേരില്‍ ആറ് വര്‍ഷത്തേക്ക് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. 

അപ്പീലില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ്(താത്കാലിക സ്‌റ്റേ) കിട്ടിയില്ലെങ്കില്‍ അഴീക്കോട് സമീപഭാവിയില്‍ തന്നെ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാകും. അച്ഛന്റെ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുമ്പോഴാണ് എംവി നികേഷ്‌കുമാര്‍ കോടതിയുടെ അനുകൂല വിധിവിവരം അറിയുന്നത്. 

ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു നികേഷിന്റെ ഹര്‍ജിയിലെ ആവശ്യം. ഷാജിയെ അയോഗ്യനാക്കിയെങ്കിലും നികേഷിനെ വിജയിയായി പ്രഖ്യാപിക്കാന്‍ പക്ഷേ ജസ്റ്റിസ് പി.ഡി രാജന്‍ തയ്യാറായില്ല. പകരം വീണ്ടും തിരഞ്ഞെടുപ്പിന് ഉത്തരവിടുകയായിരുന്നു.  

knr
എം.വി.ആര്‍. നാലാം ചരമ വാര്‍ഷിക ദിനത്തില്‍ കണ്ണൂരില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍‚
കെ.എം.ഷാജിക്കെതിരെ വന്ന കോടതി വിധി  അറിഞ്ഞതിനെ തുടർന്ന് ഫോണിൽ സംസാരിക്കുന്ന എം.വി.നികേഷ് കുമാര്‍.
-ഫോട്ടോ: ലതീഷ് പൂവത്തൂര്‍.

വീണ്ടും തിരഞ്ഞെടുപ്പ് നടന്നാലും കെ.എം ഷാജിക്ക് മത്സരിക്കാനാകില്ല. ആറ് വര്‍ഷത്തേക്കാണ് അയോഗ്യത. ഷാജിയെ പോലെ ജനകീയനായ ഒരാളെ കണ്ടെത്തുക യുഡിഎഫിനും ലീഗിനും വലിയ വെല്ലുവിളിയാകും. പുതിയ സാഹചര്യത്തില്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരമായി സിപിഎം കാണുന്നു. കോടതിവിധിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് നടന്നാല്‍ എം.വി നികേഷ്‌കുമാര്‍ തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത കൂടുതല്‍. നികേഷിനെ വടകരയില്‍ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ സിപിഎം സ്ഥാനാര്‍ഥി തന്നെ മത്സരിച്ചേക്കാം. സുപ്രീംകോടതിയിലും ഷാജിക്ക് തിരിച്ചടിയുണ്ടായാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ അഴീക്കോട് സീറ്റിലേക്കും ഇലക്ഷന്‍ നടക്കും.

സിപിഎമ്മിന്റെ കുത്തക മണ്ഡലമായിരുന്ന അഴീക്കോട്ട് പ്രകാശന്‍ മാസ്റ്ററെ 400 വോട്ടിന് തോല്‍പിച്ചാണ് യൂത്ത് ലീഗ് നേതാവായ ഷാജി 2011 ല്‍ സീറ്റ് പിടിച്ചെടുത്തത്. അന്ന് മുതല്‍ സീറ്റ് തിരിച്ചുപിടിക്കുക സിപിഎം അഭിമാനപ്രശ്‌നമായി കണ്ടു. ഷാജിക്കെതിരെ ഉചിതനായ സ്ഥാനാര്‍ഥിക്കായുള്ള സിപിഎം അന്വേഷണം ഒടുവില്‍ എം.വി നികേഷ്‌കുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകനിലെത്തുകയായിരുന്നു. മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ നികേഷിന്റെ സമാനതകളില്ലാത്ത ചില പ്രചാരണ പരിപാടികളും കേരളം കണ്ടതാണ്. കിണറ്റിലിറങ്ങി വെള്ളത്തിന്റെ ശുദ്ധി പരിശോധിച്ചതും അടക്കം നികേഷിന്റെ വേറിട്ട പരീക്ഷണങ്ങളായിരുന്നു അഴീക്കോട് കണ്ടത്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അതേ വീറും വാശിയും വോട്ടെണ്ണലിലും പ്രകടമായി. പലതവണ ലീഡ് നില മാറിമറിഞ്ഞ് ഒടുവില്‍ 2287 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷാജിയും യുഡിഎഫും മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖയാണ് കോടതി വിധിക്ക് അടിസ്ഥാനമായ തെളിവായി മാറിയത്. കഷ്ടിച്ച് 20 ശതമാനം മാത്രം മുസ് ലിം വോട്ടര്‍മാര്‍ മാത്രമുള്ള മണ്ഡലത്തില്‍ എങ്ങനെയാണ് ഇത്തരമൊരു നോട്ടീസുകൊണ്ട് ജയിക്കാന്‍ കഴിയുക എന്നതാണ് ഷാജി ചോദിക്കുന്നത്. തന്നെ ജയിപ്പിക്കുന്നതിന് പകരം തോല്‍പിക്കാനല്ലേ ഇത്തരമൊരു നോട്ടീസുകൊണ്ട് കഴിയൂവെന്നും ഷാജി പറയുന്നു. 

ബാര്‍ കോഴക്കേസില്‍ കോഴ വാങ്ങി, താന്‍ വിശ്വാസിയല്ല എന്ന പ്രചരിപ്പിക്കാന്‍ ഇറക്കിയ ലഘുലേഖ അടക്കമുള്ളവയും വര്‍ഗീയപ്രചാരണവുമാണ് തോല്‍വിക്ക് ഇടയാക്കിയതെന്നായിരുന്നു നികേഷ് പരാതിയില്‍ ഉന്നയിച്ചത്. 

കാസര്‍കോട് സീറ്റില്‍ യുഡിഎഫ് കള്ളവോട്ടിലൂടെയാണ് ജയിച്ചതെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം അന്തിമഘട്ടത്തിലാണ്. അതിനിടയില്‍ സിറ്റിങ് എംഎല്‍എ അബ്ദുള്‍ റസാഖിന്റെ മരണവും വന്നതോടെ മണ്ഡലം അനാഥമായി. അവിടെയും ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നത് സുരേന്ദ്രന്റെ ഹര്‍ജിയിലെ വിധിയോടെയേ ഉണ്ടാകൂ.