കെ.എം മാണി എങ്ങോട്ടെന്ന ആകാംക്ഷയ്ക്ക് അങ്ങനെ ഉത്തരമായിരിക്കുന്നു. മാണിയുടെ നോട്ടം ഇടതുചേരി തന്നെയെന്ന് അദ്ദേഹവും പാര്‍ട്ടിയും നയം വ്യക്തമാക്കുകയാണ്. ആ നയത്തിന്റെ അരങ്ങേറ്റമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കണ്ടത്. ഇനി വിളിക്കേണ്ടതും ക്ഷണിക്കേണ്ടതും സിപിഎം സംസ്ഥാന നേതൃത്വമാണ്. അതിനാണ് മാണി കാക്കുന്നത്. മുകളില്‍നിന്നുള്ള അനുമതിയോടെയാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ അടിയന്തരയോഗം രാവിലെ ചേര്‍ന്ന് കേരള കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തീരുമാനിച്ചത്. 

ഒറ്റയ്ക്കുനിന്നുള്ള പ്രയാണത്തിന് ഏതായാലും അധികം ആയുസ്സില്ല എന്ന തിരിച്ചറിവും മാണിയെ പുതുവഴി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു. യുഡിഎഫ് ബന്ധം അവസാനിപ്പിക്കാനുള്ള ചരല്‍ക്കുന്ന് പ്രഖ്യാപനത്തിന് ശേഷവും പകുതി ഒറ്റയ്ക്കും പകുതി യുഡിഎഫിലും എന്ന നിലയിലായിരുന്നു കേരള കോണ്‍ഗ്രസ്. ആ സ്ഥിതിക്കും ഇപ്പോള്‍ മാറ്റം വരികയാണ്. രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് മാണിയുടെ കണ്ണ്. കോട്ടയം എം.പിയായ മകന്‍ ജോസ് കെ. മാണിയുടെ രാഷ്ട്രീയ സുരക്ഷിതത്വവും മാണിയുടെ തീരുമാനത്തിന് പിന്നിലുണ്ട്. 

യുഡിഎഫ് വിട്ടതിനു ശേഷം കോട്ടയത്ത് കേരള കോണ്‍ഗ്രസ്-കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ആ മുറിവ് അത്ര വേഗം ഉണക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ ജോസ് കെ. മാണിയാണ് ഇപ്പോഴത്തെ കളംമാറ്റത്തിനും ചരടുവലികള്‍ക്കും ചുക്കാന്‍പിടിച്ചത്. അതിന് പാലമായി പ്രവര്‍ത്തിച്ചത് പഴയ സഹയാത്രികന്‍ സ്‌കറിയ തോമസായിരുന്നു.

ഇടത്തേക്ക് നടന്നു തുടങ്ങുകയാണെങ്കിലും എല്‍ഡിഎഫില്‍ ഒരു ഘടകകക്ഷിയായി ഇരിപ്പുറപ്പിക്കുകയെന്നത്് മാണിക്ക് അത്ര എളുപ്പമാകില്ല. മാണിയെ മുന്നണിയിലെടുക്കില്ല എന്ന കര്‍ക്കശനിലപാട് സിപിഐ ഒന്നുകൂടി ബലപ്പെടുത്തിയിട്ടുണ്ട്. ഇന്നും അവര്‍ അത് ആവര്‍ത്തിച്ചിട്ടുണ്ട്. വി.എസ് അച്യുതാനന്ദന്‍ മാണിയെ കൂടെ കൂട്ടുന്നതിനെതിരെ നിലപാടെടുക്കുമെന്നതും അവിതര്‍ക്കിതമാണ്. 

മധ്യകേരളത്തില്‍ മാണിയുടെ വരവ് കരുത്ത് പകരുമെന്ന് കരുതുന്നവര്‍ സിപിഎമ്മിലുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ ചില ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം. മൂന്നാം സ്ഥാനത്തേക്കെത്തിയതു അവരെ ഇരുത്തി ചിന്തിപ്പിച്ചിരിക്കണം. കേരള കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ വോട്ട് മറിച്ച് നല്‍കിയുള്ള അഡ്ജസ്റ്റുമെന്റാണ് സിപിഎമ്മിന്റേതെന്ന് പറഞ്ഞപ്പോഴും ഇത്രയും വലിയൊരു ചതി കോണ്‍ഗ്രസുകാര്‍ പ്രതീക്ഷിച്ചിരുന്നില്ല. സിപിഐയുടെയും സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെയും എതിര്‍പ്പ് അവഗണിച്ച് മാണിക്ക് എല്‍ഡിഎഫില്‍ ഇടംകിട്ടുമോ എന്നതു കാത്തിരുന്ന് കാണാം. 

മാണിയുടെ രാഷ്ട്രീയ വഞ്ചന ഒരിക്കലും പൊറുക്കില്ലെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതൃത്വം മാണിക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചു കഴിഞ്ഞു. മാണിയോട് മൃദുസമീപനം കൈക്കൊണ്ടിരുന്ന ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഹസ്സനുമെല്ലാം ഇനി സമീപനം മാറ്റേണ്ടി വരും. ഒറ്റയ്ക്ക് നില്‍ക്കുന്ന മാണി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നെ തിരിച്ചെത്തും എന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. ആ മനക്കോട്ട തകര്‍ത്താണ് മാണി പുതിയ യാത്ര തുടങ്ങുന്നത്. 

കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും വഴിപിരിയുന്നതോടെ കോട്ടയം, ഇടുക്കി ജില്ലകളിലെ 60 ശതമാനം തദ്ദേശസ്ഥാപനങ്ങളിലും ഭരണമാറ്റത്തിനോ പ്രതിസന്ധിക്കോ അത് വഴിവെച്ചേക്കും. 

സിപിഎമ്മിന്റെ പിന്തുണ തേടാനുള്ള തീരുമാനം മാണിയും ജോസ് കെ മാണിയും അറിയിച്ചപ്പോള്‍തന്നെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നു. പുതിയ രാഷ്ട്രീയ ലൈന്‍ കേരള കോണ്‍ഗ്രസില്‍ മറ്റൊരു പിളര്‍പ്പ് കൂടി അനിവാര്യമാക്കുമെന്ന് ഉറപ്പാണ്. നാല് എം.എല്‍.എമാര്‍ പുതിയ നീക്കത്തിന് എതിരാണെന്നാണ് സൂചന. പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ വീണ്ടും പഴയ ജോസഫ് ചേരി ഒരു പാര്‍ട്ടിയായി പിറക്കുമോ അതോ എംഎല്‍എമാരില്‍ ചിലര്‍ കോണ്‍ഗ്രസിലേക്ക് നീങ്ങുമോ തുടങ്ങി പലവിധ രാഷ്ട്രീയനാടകങ്ങള്‍ക്കും പശ്ചാത്തലം ഒരുങ്ങുന്നുണ്ട്.

മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന യന്ത്രമുണ്ടെന്നും കോഴക്കാരന്‍ മാണി എന്നും വിളിച്ച അതേ നാവുകൊണ്ട് മാണിക്കു സിന്താബാദ് വിളിക്കാന്‍ സിപിഎമ്മിന് എങ്ങനെ കഴിയുമെന്ന് ചോദ്യം ബാക്കിയാകുന്നു. രാഷ്ട്രീയത്തില്‍ നിത്യശത്രുക്കളില്ല എന്ന തത്വമാണ് ശരി.