പാലാ: കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെ എം മാണിക്കു വിട. സംസ്‌കാരച്ചടങ്ങുകള്‍ അല്‍പസമയത്തിനുള്ളില്‍ പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. ഭൗതികദേഹം വീട്ടില്‍നിന്ന് പള്ളിയിലേക്ക് കൊണ്ടുപോയി.

വസതിയില്‍നിന്ന് മൂന്നുകിലോമീറ്റര്‍ ദൂരമാണ് പാലാ കത്തീഡ്രലിലേക്കുള്ളത്. എന്നാല്‍ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ ഇനിയും പ്രവര്‍ത്തകര്‍ എത്തിയേക്കുമെന്നതിനാല്‍ പള്ളിയിലേക്ക് ഭൗതികദേഹം എത്താന്‍ വൈകിയേക്കുമെന്നാണ് സൂചന.
പ്രത്യേക വാഹനത്തില്‍ വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരാകും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം പാലാ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ അനുശോചന സമ്മേളനം നടക്കും

എം.പി. വീരേന്ദ്രകുമാര്‍ എം.പി. കെ.എം. മാണിയുടെ വീട്ടിലെത്തിയപ്പോള്‍. -ഫോട്ടോ: ജി. ശിവപ്രസാദ്.
രാഷ്ട്രീയ പ്രമുഖരുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം അന്തരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സ്വവസതിയിലേക്ക് മൃതദേഹം എത്തിച്ചത്.


content highlights: k m mani demise funeral