തിരുവനന്തപുരം: ചാരക്കേസില്‍ കേരളത്തിലെ നേതാക്കളാരും കെ കരുണാകരനെ ചതിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍. നരസിംഹറാവുവാണ് അദ്ദേഹത്തെ ചതിച്ചത്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ലെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു.

ചാരക്കേസിന് പിന്നില്‍ കൊടും ചതിയാണെന്ന് അച്ഛന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. നരസിംഹറാവു ചതിച്ചുവെന്ന് വ്യക്തമായി പറഞ്ഞു. മാറ്റാരും ചതിച്ചതായി പറഞ്ഞിട്ടില്ല. പദ്മജയോട് കൂടുതല്‍ എന്തെങ്കിലും പറഞ്ഞുവോയെന്ന് തനിക്ക് അറിയില്ല. കേരളത്തിലെ ഏതെങ്കിലും നേതാക്കള്‍ ചതിച്ചതായി അദ്ദേഹം തന്നോട് പറഞ്ഞിട്ടില്ല. തനിക്കറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്.

കൂടുതല്‍ വാഗ്വാദത്തിനില്ല. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് ന്യൂനപക്ഷങ്ങളെ അകറ്റിയെന്ന കരുണാകരന്റെ പ്രസ്താവനയാണ് നരസിംഹറാവുവിനെ ചൊടിപ്പിച്ചത്. കരുണാകരന് മറ്റൊരു പദവി നല്‍കി മാറ്റിനിര്‍ത്തണമെന്ന് മാത്രമാണ് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടത്. ചാരക്കേസിന്റെ പിന്നാമ്പുറങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍  നമ്പി നാരായണന് 50 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വിവാദങ്ങള്‍ വീണ്ടും തലപൊക്കിയത്. നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് കെ.പി.സി.സിയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍ ആരോപിച്ചിരുന്നു. ചാരക്കേസിന് പിന്നില്‍ ഇന്നും സജീവ രാഷ്ട്രീയത്തിലുള്ള അഞ്ച് നേതാക്കളാണ് കെ കരുണാകരന്റെ മകള്‍ പദ്മജ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെ. മുരളീധരന്റെ പ്രതികരണം.