തിരുവനന്തപുരം: ചൈനയിലെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തില്‍ 633 പേര് നിരീക്ഷണത്തിലുള്ളതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ചൈനയില്‍ നിന്ന് വന്നവരും അവരുമായി അടുത്തിടപഴകുന്നവരുമായവരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 197 പേര് ഇന്നുമുതല്‍ നിരീക്ഷണത്തില്‍ വന്നിട്ടുള്ളവരാണ്. ഇവരില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത് ഏഴുപേരാണ്.
കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമുതല്‍ പതിനാറു പേരെ കേരളത്തില്‍ ഐസൊലേറ്റ് ചെയ്തിരുന്നു ഇവരില്‍ ഒമ്പതുപേരെ ഡിസ്ചാര്‍ജ് ചെയ്തു. പത്തുപേരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു ഇവരില്‍ ആറുപേരുടെ ഫലം വന്നു. അത് നെഗറ്റീവാണ്. ആറുപേരുടെ സാമ്പിള്‍ കൂടി അയച്ചിട്ടുണ്ട്.
കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്നെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മറ്റിടങ്ങളില്‍ വിമാനത്താവളത്തില്‍ നിന്ന് വരുന്നവരെ ആരോഗ്യവകുപ്പിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നിരീക്ഷിക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.
വുഹാനില്‍ നിന്നും ചൈനയില്‍ നിന്നും വരുന്ന ആളുകള്‍ ഉള്‍പ്പടെ വിദേശത്ത് നിന്നുവരുന്നവരെല്ലാം സ്വമേധയാ ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണം. ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചുകഴിഞ്ഞു. അതിനാല്‍ ഇക്കാര്യത്തില്‍ ആരും ഉപേക്ഷ കാണിക്കരുത്. ഇവര്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ജനുവരി 24 മുതല്‍ കേരളത്തില്‍ കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. എല്ലാ ജില്ലകളിലും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. രാവിലെയും വൈകീട്ടും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോസ്ഥരെല്ലാം യോഗം ചേര്‍ന്ന് അതാതുദിവസത്തെ നടപടികള്‍ വിലയിരുത്തും. എല്ലാ ദിവസവും വൈകീട്ട് മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കുമെന്നും മന്ത്രി അറിയിച്ചു.
Content highlights: K.K.Shailaja Teacher's Pressmeet on Coronavirus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..