കെ.കെ ശൈലജ | ഫൊട്ടൊ: ഇ.എസ് അഖിൽ|മാതൃഭൂമി
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ നിലപാട് മനസില്‍ വച്ചുസൂക്ഷിക്കുന്നത് അപകടകരമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. മനുഷ്യസമൂഹത്തിന്റെ ഏറ്റവും നിന്ദ്യവും പൈശാചികവുമായ പ്രവൃത്തിയാണ് ബലാത്സംഗമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ഇടയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ അന്തസുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. മനുഷ്യസമൂഹത്തിന്റെ ഏറ്റവും നിന്ദ്യവും പൈശാചികവുമായ പ്രവര്‍ത്തിയാണ് ബലാത്സംഗം. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അനുവാദമില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുക, മനസിനെ അക്രമിക്കുക എന്നതെല്ലാം അതീവ നീചമായ പ്രവൃത്തിയാണ്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ അന്തസുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞത് ഈ സമൂഹത്തിനാകെ അപമാനകരമാണ്.
ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ജീവന് രക്ഷിക്കുന്നതിനും അക്രമിയെ മറ്റ് ഏതൊരു അക്രമവും നടത്തുന്നതിനെക്കാള്‍ നീചമായ അക്രമം നടത്തിയതിന് ശിക്ഷിക്കുന്നതിനുമാണ് ആഗ്രഹിക്കുന്നത്. ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ ഇരയാകുന്നത് അവരുടെ കുറ്റം കൊണ്ടല്ല. ഇതിനെതിരേ പ്രതിരോധിക്കുകയും അതിനെതിരേ പ്രവര്ത്തിക്കേണ്ടവരുമായ ഉന്നതമായ രാഷ്ട്രീയ നേതൃത്വങ്ങളിലുള്ളവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എത്രമാത്രം അപകടകരമാണെന്ന് മനസിലാക്കണമെന്നും കെ കെ ഷൈലജ പറഞ്ഞു.
ഖേദം പ്രകടിപ്പിച്ചത് നല്ല കാര്യം. പക്ഷെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് ഇത്തരത്തിലുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ല. രാഷ്ട്രീയ പാര്ട്ടിക്കാര് ഇത്തരം പ്രവണതകളെ പ്രതിരോധിക്കാനാണ് ശ്രമിക്കേണ്ടത്. അവരെ ആശ്വസിപ്പിക്കാനും സംരക്ഷിക്കാനുമൊക്കെയാണ് നോക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: K K Shailaja teacher against mullappalli Ramachandran on his controversial comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..