കൊച്ചി: നിപയില്‍ ഭയാനകമായ അവസ്ഥയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇന്നലെത്തേതില്‍നിന്ന് ഭയപ്പെടേണ്ട ഒരു സാഹചര്യത്തിലേക്ക് എത്തിയിട്ടില്ല. കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. 

എന്നാല്‍ ഇന്‍ക്യൂബേഷന്‍ പിരിയഡ് കഴിയുന്നിടം വരെ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. 

നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍ രുചിയുടെ നേതൃത്വത്തിലുള്ള സംഘം. അന്തിമഫലം വന്നതിനു ശേഷമേ അക്കാര്യം അവര്‍ വ്യക്തമാക്കൂ. പരിശോധനകള്‍ നടക്കുകയാണ്. അതിനു ശേഷം മാത്രമേ ഇക്കാര്യം വെളിപ്പെടുത്താന്‍ സാധിക്കൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

അതേസമയം നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍. നേരിയ പനി മാത്രമേ യുവാവിന് ഇപ്പോഴുള്ളു. ഭക്ഷണം കഴിക്കുന്നുണ്ടെന്നും പരിശോധനകള്‍ തുടരുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 314 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 

content highlights: k k shailaja on nipah