തിരുവനന്തപുരം: പി.കെ.കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചനവുമായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. എതിര്‍ക്കുന്നവര്‍ പോലും അംഗീകരിക്കുന്ന സംഘാടനപാടവവും ധീരതയും പി.കെ.കുഞ്ഞനന്തന്റെ പ്രത്യേകതയായിരുന്നു. പാനൂരില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച സഖാവിന്റെ വിയോഗം പാര്‍ട്ടിക്കും പാനൂര്‍ മേഖലയിലെ ജനങ്ങള്‍ക്കും തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. 

കക്ഷി-രാഷട്രീയ ഭേദമെന്യേ നാട്ടുകാര്‍ക്ക് അദ്ദേഹം കുഞ്ഞനന്തേട്ടന്‍ ആയിരുന്നു. പാനൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജമാണ് സഖാവ് കുഞ്ഞനന്തേട്ടന്‍. എല്ലാ വിഭാഗം ജനങ്ങളോടും അടുപ്പം വെച്ച് പുലര്‍ത്തിയിരുന്ന കുഞ്ഞനന്തേട്ടന്റെ വിയോഗത്തില്‍ സഖാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 

എതിരാളികളുടെ ആക്രമണങ്ങള്‍ ചെറുത്ത് പാനൂരില്‍ പാര്‍ട്ടി പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സഖാവാണ് പി.കെ.കുഞ്ഞനന്തനെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയെ അഗാധമായി സ്‌നേഹിച്ച അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാനൂരിലും പരിസരത്തും മാര്‍ക്‌സിസ്റ്റ് വിരുദ്ധരുടെ കടന്നാക്രമണങ്ങളെ വെല്ലുവിളിച്ച് ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച ധീരനായ വിപ്ലവകാരിയായിരുന്നു കുഞ്ഞനന്തനെന്ന് പി. ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ് പോലുള്ള ഫാസിസ്റ്റു വര്‍ഗ്ഗീയ ശക്തികളെ എതിരിടുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച സഖാവായിരുന്നു അദ്ദേഹം. യുഡിഎഫ് ഭരണകാലത്ത് വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും അദ്ദേഹത്തെ വേട്ടയാടിയെന്നും ഭീകരാണെന്ന് മുദ്രകുത്തി പ്രചാരവേല നടത്തിയെന്നും പി.ജയരാജന്‍ പറഞ്ഞു.

Content Highlights: K. K. Shailaja, E. P. Jayarajan, P. Jayarajan condolence P K Kunjananthan