കെ.കെ.ശൈലജ | മാതൃഭൂമി
തിരുവനന്തപുരം: നന്ദി പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് സിപിഎമ്മിന്റെ ചീഫ്വിപ്പ് കെ.കെ.ശൈലജ. അന്ധവിശ്വാസങ്ങള്‍ക്ക് പിറകേയാണ് കോണ്‍ഗ്രസെന്ന് ശൈലജ ടീച്ചര്‍ കുറ്റപ്പെടുത്തി. ചാണകം പൂശിയാല്‍ കോവിഡിനെ തുരത്താമെന്ന് ബിജെപി മാത്രമല്ല കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നുണ്ട്. ശാസ്ത്രത്തില്‍ വിശ്വസിക്കാന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസും ബിജെപിയുമെന്ന് ശൈലജ പരിഹസിച്ചു.
'ശാസ്ത്രത്തെ വിശ്വസിക്കാന്‍ കഴിയണം. അത് പ്രധാനമാണ്. ജവഹര്‍ലാല്‍ നെഹ്റുവിനെ കോണ്‍ഗ്രസ് മറന്നു. അന്ധവിശ്വാസങ്ങളുടെ പിറകേ കോണ്‍ഗ്രസ് പോയതിന്റെ പരിണതഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നത്. ചാണകം പൂശിയാല്‍ കോവിഡ് മാറുമെന്നുളളത് ബിജെപിയുടെ മാത്രം വിശ്വാസമല്ല. കോണ്‍ഗ്രസിലെ ആളുകള്‍ അത്തരം അന്ധവിശ്വാസങ്ങളില്‍ കുടുങ്ങിപോയിരിക്കുകയാണെന്ന്, ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുളള അനുഭവം കൊണ്ട് നമ്മളെല്ലാവരും ഓര്‍ക്കണം. കേരളത്തിലെങ്കിലും നെഹ്റുവിന്റെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടരാന് കഴിയണം. ഞങ്ങള്‍ നെഹ്റുവായാലും മാര്‍ക്സ് ആയാലും അതിലെ നല്ല വശങ്ങള് സ്വീകരിക്കുന്നവരാണ്.' ശൈലജ പറഞ്ഞു.
മുന്‍ പിണറായി സര്‍ക്കാര്‍ നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടാണ് കെ.കെ.ശൈലജ നന്ദിപ്രമേയ ചര്‍ച്ച ആരംഭിച്ചത്. ആ അടിത്തറയാണ് ഈ സര്‍ക്കാരിന്റെ മുന്നോട്ടുപോക്കിന്റെ ആധാരമെന്നും അവര്‍ പറഞ്ഞു. കിഫ്ബിയിലൂടെ നടത്തിയ അടിസ്ഥാന സൗകര്യ വികസനവും ഇതിന് മുതല്‍ക്കൂട്ടായെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ആദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുന്നത്.
ക്രിയാത്മക പ്രതിപക്ഷത്തിന്റെ നേതാവാകാന്‍ വി.ഡി.സതീശന് കഴിയട്ടേയെന്ന് അവര്‍ പറഞ്ഞു. സതീശന്റെ ക്രിയാത്മക നിര്‍ദേശങ്ങളെ കോണ്‍ഗ്രസ് പിന്തുണച്ചില്ല. പ്രളയം വന്നപ്പോള്‍ സംഭാവന കൊടുക്കരുത് എന്നുവരെ മുന്‍ പ്രതിപക്ഷം പറഞ്ഞു. പ്രതിപക്ഷം കേരളത്തിലെ യശസ്സ് തകര്‍ക്കാന്‍ ശ്രമിച്ചെന്നും അവര്‍ കുറ്റപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..