ന്യൂഡല്‍ഹി: ബാലാവകാശ കമ്മിഷനിലെ ക്രമവിരുദ്ധ നിയമനത്തില്‍ സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ ലോകായുക്ത അന്വേഷണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ശൈലജയ്‌ക്കെതിരെ പ്രഥമൃഷ്ട്യാ തെളിവുണ്ടെന്നും ലോകായുക്ത കണ്ടെത്തിയിട്ടുണ്ട്.

വയനാട് ബാലാവകാശ കമ്മിഷന്‍ അംഗം  ടി.ബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട്  സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ. കെ ശൈലജയ്ക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.  കമ്മിഷന്‍ അംഗങ്ങളുടെ നിയമന അപേക്ഷയ്ക്കുള്ള തീയതി നീട്ടി സര്‍ക്കാര്‍ രണ്ടാമതിറക്കിയ വിജ്ഞാപനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. 

സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി സദുദ്ദേശപരമല്ലാത്ത രീതിയില്‍ അധികാരം വിനിയോഗിച്ചെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. അപേക്ഷാത്തീയതി നീട്ടാന്‍  മന്ത്രി  ഇറക്കിയ ഉത്തരവ് ഉത്തമവിശ്വാസത്തോടെയല്ലെന്ന് കോടതി വിലയിരുത്തിയിരുന്നു.  തീയതി നീട്ടി വീണ്ടും അപേക്ഷ സ്വീകരിക്കാനുള്ള കാരണം ഫയലുകളില്‍നിന്ന് വ്യക്തമല്ല.

ഭരണത്തിലുള്ള സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകനായ ടി.ബി. സുരേഷിനെ നിയമിക്കാനാണ് തീയതി നീട്ടിയത് എന്നേ കരുതാനാവൂ എന്നും കോടതിയുടെ വ്യക്തമാക്കിയിരുന്നു. ഈയൊരു സാഹചര്യത്തില്‍ കെ.കെ ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയും ചെയ്തിരുന്നു.  ഇതിന്റെ ഭാഗമായാണ്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയ്ക്ക് പരാതി നല്‍കിയത്.

മന്ത്രിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ലോകായുക്തയുടെ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുന്നത്.