കോഴിക്കോട്: ഇടതു മുന്നണിയുടെ രാഷ്ട്രീയ ഫാസിസത്തിന്റെ അംഗീകാരമോ അല്ലെങ്കില്‍ രാഷ്ട്രീയ ഫാസിസം ഇല്ല എന്നതിന്റെ സൂചനയോ അല്ല നിയമസഭാ തിരഞ്ഞെടുപ്പു ഫലമെന്ന് ആര്‍.എം.പി. നേതാവ് കെ.കെ. രമ. കോവിഡ് കാലത്ത് സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ നല്ല സര്‍ക്കാര്‍ എന്ന പ്രതിച്ഛായ ഉണ്ടാക്കാന്‍ സര്‍ക്കാരിന് സഹായകമായി. ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ ഇടതു മുന്നണിക്ക് കഴിഞ്ഞതും വിജയത്തിന് കാരണമായെന്നും അവര്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന്‌ അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

പിണറായി വിജയന്റെ രാഷ്ട്രീയ ഫാസിസത്തിനെതിരായാണ് മത്സരിക്കുന്നതെന്നാണ് പറഞ്ഞിരുന്നത്. തിരഞ്ഞെടുപ്പ്ഫലം വന്നപ്പോള്‍ കേരളത്തില്‍ നാം കണ്ടത് ഇടത് തരംഗമാണ്. ഇടതുമുന്നണിയുടെ വിജയത്തെ എങ്ങനെ വിലയിരുത്തുന്നു? 

ഇടതു മുന്നണിയുടെ വിജയത്തെ അംഗീകരിക്കുന്നു. അത് ജനങ്ങള്‍ കൊടുത്ത അംഗീകാരമാണ്. അതിനെ വിലമതിക്കുന്നു. അവര്‍ നടത്തിയ രാഷ്ട്രീയ ഫാസിസത്തിന്റെ അംഗീകാരമോ അല്ലെങ്കില്‍ രാഷ്ട്രീയ ഫാസിസം ഇല്ല എന്നതിന്റെ സൂചനയോ അല്ല ഈ വിജയം. മഹാമാരിക്കാലത്ത് സര്‍ക്കാര്‍ ചെയ്ത ജനസംരക്ഷണം നല്ല സര്‍ക്കാര്‍ എന്ന തോന്നലുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുഖ്യമന്ത്രി മീഡിയയുടെ മുന്നില്‍ വന്ന് സംസാരിക്കുമ്പോള്‍ സ്വാഭാവികമായും ഭരിക്കുന്ന ആളുകള്‍ക്ക് കിട്ടുന്ന സ്വീകാര്യതയാണ്.

സര്‍ക്കാരിന്റെ ഏറ്റവും വലിയ പരസ്യമാണത്. ചെയ്തിട്ടില്ലെങ്കില്‍ പോലും ചെയ്തു എന്ന തോന്നല്‍ ഉണ്ടാക്കുകയും അത് ആളുകള്‍ക്കിടയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതും പ്രചരണതന്ത്രമാണ്. പി.ആര്‍. വര്‍ക്കിലൂടെ കെട്ടിപ്പൊക്കിയ ഇമേജാണ് സര്‍ക്കാരിനുളളത്. അല്ലെങ്കില്‍ താഴേത്തട്ടിലേക്ക് നോക്കൂ എന്തു മാറ്റമാണ് സമൂഹത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. അതൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രശ്നങ്ങളോ വലിയ അഴിമതികളോ ചര്‍ച്ച ചെയ്യപ്പെട്ടില്ല. അതിനെല്ലാമപ്പുറത്തേക്ക് ജനങ്ങള്‍ അംഗീകരിച്ചത് ഈ തലമാണ്. 

തന്നെയുമല്ല വലിയ കച്ചവടം നടന്നിട്ടുണ്ട്. പാര്‍ലമമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ തരംഗമുണ്ടല്ലോ, യു.ഡി.എഫ്. പിടിച്ചെടുക്കുന്ന കാഴ്ച. ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളെ സംരക്ഷിക്കാന്‍ ഇവരാണ് ഉളളത് എന്ന തോന്നലാണ് ആ തിരഞ്ഞടുപ്പിലുണ്ടായത്. അത് ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ബി.ജെ.പി. 5 മുതല്‍ 10 വരെ സീറ്റ് നേടും എന്ന തോന്നലുണ്ടായിരുന്നു. അതിന് ഇടയാവരുത് എന്ന് മുസ്ലീം വിഭാഗങ്ങളുടെ ഇടയില്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ആ ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞു എന്നുളളതും ഇടതിന്റെ വിജയത്തിന് അടിസ്ഥാനമായി എന്ന് ഞാന്‍ കാണുന്നു.

അതല്ലാതെ ഫാസിസം ഇല്ല എന്നോ, പിണറായി വിജയന്‍ അതില്‍നിന്ന് മുക്തനാണ് എന്ന തോന്നലിന്റെ ഭാഗമല്ല ഈ ജനവിധി. പിണറായി വിജയന്‍ എന്ന വ്യക്തിയെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹം വലിയ ധാര്‍ഷ്ട്യമുളള ഒരു ഭരണാധികാരി, ധിക്കാരമുളള ഭരണാധികാരി ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുളളത്. അതിനുളള പ്രധാന കാരണം ടി.പിയുടെ കൊലപാതകമാണ്. മരിച്ച ഒരു വ്യക്തിയെ കുലംകുത്തി കുലംകുത്തി തന്നെയാണ് എന്ന് മരണശേഷവും ഒരു വ്യക്തിക്ക് പറയാന്‍ കഴിയുന്നത് അയാള്‍ അങ്ങേയറ്റത്തെ ഫാസ്റ്റിസ് ആയതുകൊണ്ടാണ്. മനുഷ്യത്വ മനസ്സില്ലാത്തതുകൊണ്ടാണ്. എങ്ങനെ പറയാന്‍ കഴിഞ്ഞു? ഏത് സാധാരണ മനുഷ്യന്റെ ഉളളിലും ആ ചോദ്യമില്ലേ. എങ്ങനെയാണ് മരിച്ച ഒരു വ്യക്തിയെ, മരിച്ചതല്ല കൊലപ്പെടുത്തിയതാണ്- എന്നിട്ടും ഇങ്ങനെ പറയാനാകുക. അന്നെന്റെ ഉളളില്‍ അടിയുറച്ച് പോയ ഒരു സംഗതിയാണ് അദ്ദേഹത്തോടുളള പ്രയാസം. എന്റെ വേദനയില്‍ നിന്നുണ്ടായ ഒന്ന്. 

ടി.പിയുടെ കൊലപാതകത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ കണ്ടുപിടിക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് പറഞ്ഞിരുന്നത്. അക്രമ രാഷ്ട്രീയത്തിനെതിരായ സന്ദേശമായിട്ടാണോ ജനവിധിയെ മാനിക്കുന്നത്? 

ടി.പിയുടെ കൊലപാതകത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഒരിക്കലും ബുദ്ധികേന്ദ്രത്തിലേക്ക് അന്വേഷണം എത്തുന്നില്ല. താഴേക്കിടയില്‍ പിടിക്കപ്പെടുന്നവരെല്ലാം ആ ബുദ്ധികേന്ദ്രത്തിന്റെ ടൂളുകളാണ്. അവരെ കൊണ്ട് ചെയ്യിക്കുകയാണല്ലോ. അതിനാല്‍ ആലോചന നടത്തിയ കേന്ദ്രമാണ് പിടിക്കപ്പെടേണ്ടത്, ആ തലച്ചോറാണ് തകര്‍ക്കപ്പെടേണ്ടത്. 

മനുഷ്യനെ കൊല്ലുക എന്ന് ചിന്തിക്കുന്ന തലച്ചോര്‍ നമുക്കാവശ്യമില്ല. ആ തലച്ചോറാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കപ്പെടേണ്ടത്. അവരിപ്പോഴും ഏറ്റവും മാന്യന്മാരായി സമൂഹത്തില്‍ നടക്കുകയാണ്. നിയമപാലകര്‍ എപ്പോഴും ഭരിക്കുന്നവരുടെ സേവകരമായി മാറുന്ന കാഴ്ചയാണ് ഇവിടെയുളളത്. അവര്‍ക്ക് ഭയമാണ്. അതിന് മേലോട്ടുളള ഭരണാധികാരികളാണ് തെറ്റു ചെയ്തതെങ്കില്‍ അവരിലേക്ക് അന്വേഷണം എത്താത്ത രീതിയില്‍ നിയമഘടന മാറിയിരിക്കുന്നത്, അതാണ്  തകര്‍ക്കപ്പെടേണ്ടത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് അതുകൊണ്ടാണ്. ഏറ്റവും ഒടുവില്‍ നാം മന്‍സൂറിന്റെ കൊലപാതകം കണ്ടു. ഏതുരാഷ്ട്രീയ പാര്‍ട്ടി ആയാലും ഇതിന് ഒരു അറുതി വരുത്തണം. 

സി.പി.എമ്മിനെ ഏപ്പോഴും പറയേണ്ടി വരുന്നത് അവര്‍ എപ്പോഴും ഇതിന്റെ പ്രധാന ആളുകളായി മാറുന്നത്‌ കൊണ്ടാണ്. അവര്‍ തീരുമാനമെടുത്താല്‍, നേതൃത്വം തീരുമാനമെടുത്താല്‍ അവസാനിപ്പിക്കാവുന്നതേയുളളൂ അക്രമരാഷ്ട്രീയം. 

Content Highlights:K K Rema crticises Pinarayi Vijayan