കെ.കെ. രമ | ഫോട്ടോ: ലതീഷ് പൂവത്തൂർ/ മാതൃഭൂമി
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം അക്രമസംഭവങ്ങള്‍ നടത്തി വഴിതിരിച്ചു വിടാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണവും അത്തരത്തിലൊരു സംഭവമാണെന്നും കെ. കെ. രമ എംഎല്‍എ. സിപിഎം പ്രതിരോധത്തിലാകുന്ന ഘട്ടങ്ങളിലൊക്കെ ഇത്തരം അക്രമസംഭവങ്ങള്‍ നടക്കുന്നതിന്റെ നേര്‍സാക്ഷ്യങ്ങള്‍ കൂടിയാണ് ആര്‍എംപി പ്രവര്‍ത്തകരെന്നും രമ പറഞ്ഞു. ഒഞ്ചിയത്ത് ആര്‍എംപി രൂപീകരിക്കുന്ന സമയത്ത് സമാനമായ അക്രമസംഭങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ടെന്നും രമ കൂട്ടിച്ചേര്‍ത്തു.
ആര്‍എംപി രൂപീകരണസമയത്ത് സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസ് കത്തിക്കുകയും അതിനുശേഷം അന്നത്തെ പാര്‍ട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് വിമതരായ കമ്മ്യൂണിസ്റ്റുകാരെ കുലംകുത്തികളെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് പതിനാല് വര്‍ഷമായിട്ടും ആ സംഭവത്തില്‍ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതുമാത്രമല്ല വടകരയിലെ പാര്‍ട്ടി ഓഫീസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. സിപിഎം നേതാവായിരുന്ന ഇ കെ നാരായണന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ ഒരു പ്രതിയെ പോലും പിടികൂടിയിട്ടില്ല. ഇത് പോലുള്ള നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമെന്നും രമ പറഞ്ഞു.
എകെജി സെന്റര്‍ ആക്രമിച്ച സംഭവത്തില്‍ ഒരു പ്രതിയെ പോലും പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷ തങ്ങള്‍ക്കില്ലെന്നും കള്ളന് കപ്പലില്‍ തന്നെയാണ്, കപ്പിത്താനാരാണെന്ന് മാത്രമേ ഇനി കണ്ടെത്താനുള്ളൂവെന്നും രമ കൂട്ടിച്ചേര്‍ത്തു. കേസിന്റെ അന്വേഷണം കേന്ദ്രഏജന്‍സിയെ ഏല്പിക്കുന്നതാണ് നല്ലതെന്നും കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഈ സംഭവമെന്നും എസ്എഫ്ഐക്കാര്‍ വാഴ നടേണ്ടത് ആഭ്യന്തരമന്ത്രിയുടെ കസേരയിലായിരുന്നുവെന്നും രമ അഭിപ്രായപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..