പിണറായി വിജയൻ, സന്തോഷ് ബാബു
കോഴിക്കോട്: ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിലും അഴിമതി നടന്നുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി കെ-ഫോണ്‍ എം.ഡി സന്തോഷ് ബാബു. എ.ഐ ക്യാമറ ഇടപാടില്‍ ഉള്‍പ്പെട്ട എസ്.ആര്‍.ഐ.ടി കമ്പനിക്ക് ഓപ്പണ്‍ ടെന്‍ഡര്‍ വഴിയാണ് കെ-ഫോണ്‍ എം.എസ്.പി (മാനേജ് സര്‍വീസ് പ്രെവൈഡര്‍) കരാര്‍ നല്‍കിയതെന്ന് സന്തോഷ് ബാബു മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. പദ്ധതി തുകയെക്കാള്‍ 50 ശതമാനം ഉയര്‍ന്ന തുകയ്ക്ക് ടെന്‍ഡര്‍ നല്‍കിയത് ഏഴ് വര്‍ഷത്തേക്ക് അറ്റകുറ്റപ്പണിക്കുള്ള ചെലവ് കൂടി കണക്കാക്കിയാണെന്നും ഈ തുക സര്‍ക്കാര്‍ നല്‍കുന്നതല്ലെന്നും സന്തോഷ് ബാബു പറഞ്ഞു.
എഐ ക്യാമറ ഇടപാടില്‍ നടന്നതിനെക്കാള്‍ വലിയ അഴിമതി കെ-ഫോണ്‍ പദ്ധതിയില്‍ നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ആരോപണം ഉന്നയിച്ചിരുന്നത്. എ.ഐ ക്യാമറ ഇടപാടിലെ എസ്.ആര്‍.ഐ.ടി ഉള്‍പ്പെടെയുള്ള കമ്പനികള്‍ തന്നെയാണ് കെ-ഫോണിലും ഉള്ളതെന്നും 1028 കോടി ചെലവ് കണക്കാക്കിയ പദ്ധതിക്ക് 1531 കോടിക്ക് ടെന്‍ഡര്‍ നല്‍കിയത് അഴിമതിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാണിച്ച് കെ-ഫോണ്‍ ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.
'പദ്ധതിക്ക് 1028 കോടിയാണ് ഭരണാനുമതി ലഭിച്ചത്. ഇതില്‍ 104 കോടിയായിരുന്നു ഒരു വര്‍ഷത്തേക്ക് അറ്റകുറ്റപ്പണിക്കുള്ള ചെലവ് കണക്കാക്കിയത്. ഇത് ഏഴ് വര്‍ഷത്തേക്ക് ആകുമ്പോള്‍ 728 കോടിയാകും. എന്നാല്‍ ടെന്‍ഡര്‍ ചെയ്തപ്പോള്‍ പരിപാലന ചെലവ് 428 കോടി രൂപയായി കുറയുകയാണ് ഉണ്ടായത്. ഈ പണം സര്‍ക്കാരോ കിഫ്ബിയോ നല്‍കുന്നതല്ല. കെ-ഫോണ്‍ തന്നെ ബിസിനസ് ചെയ്ത് ഉണ്ടാക്കുന്ന പണമാണിത്', പദ്ധതി തുക ഉയര്‍ന്നത് സംബന്ധിച്ച ചോദ്യത്തോട് സന്തോഷ് ബാബു വിശദീകരിച്ചു.
കോവിഡ് ഉള്‍പ്പെടെയുള്ള വെല്ലുവിളികളാണ് പദ്ധതി വൈകാന്‍ കാരണമായതെന്നും കോവിഡ് വേളയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയത് പദ്ധതിയേയും ബാധിച്ചുവെന്നും സന്തോഷ് ബാബു പറഞ്ഞു. പ്രാരംഭ ഘട്ടത്തില്‍ 14000 വീടുകളില്‍ ഇന്റര്‍നെറ്റ് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 9000ത്തോളം വീടുകളിലേക്ക് കെ-ഫോണ്‍ കേബിള്‍ വലിച്ചിട്ടുണ്ട്. ആയിരത്തിലേറെ വീടുകളില്‍ കണക്ഷന്‍ നല്‍കി. സംസ്ഥാനത്തുടനീളമുള്ള 18,700 സര്‍ക്കാര്‍ ഓഫീസുകളിലും കണക്ഷന്‍ ലഭ്യമാണ്. അടുത്ത ഒരുമാസത്തിനുള്ളില്‍ ഇത് 21,000 ആയി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
2017ല്‍ കെ-ഫോണ്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ 18 മാസത്തിനുള്ളില്‍ 20 ലക്ഷം വീടുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. ഇത് പിന്നീട് 14000 വീടുകളായി കുറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ ആയിരത്തിലേറെ വീടുകളിലും പിന്നീട് ഘട്ടംഘട്ടമായി 14000 വീടുകളിലും കണക്ഷന്‍ ലഭ്യമാക്കുമെന്നാണ് വിവരം. ജൂണ്‍ അഞ്ചിനാണ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുക.
പദ്ധതിയുടെ ഉദ്ഘാടനത്തിന് നാലരക്കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും 1500 കോടി രൂപ മുടക്കിയിട്ട് 10,000 പേര്‍ക്കും പോലും ഇന്റര്‍നെറ്റ് കണക്ഷന്‍ കൊടുക്കാന്‍ പറ്റാത്ത പദ്ധതിയുടെ ഉദ്ഘാടനത്തിന് നാലര കോടി ചെലവഴിക്കുന്നത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു.
Content Highlights: k fon controversy, md santhosh babu's reply in allegations


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..