ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയ കെ. സി. വേണുഗോപാല്‍ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ മുല്ലപ്പള്ളി.

ആലപ്പുഴ മണ്ഡലത്തിനു പകരം സുരക്ഷിതമായ മറ്റൊരു മണ്ഡലത്തിലേയ്ക്കു മാറുമെന്ന സൂചനയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കുന്നത്.

വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കില്ലെന്നു മാത്രമാണ് പറഞ്ഞതെന്നും എവിടെയും മത്സരിക്കില്ല എന്ന് ഇതിന് അര്‍ഥമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കെസി വേണുഗോപാലിനെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് കെപിസിസി അധ്യക്ഷന്റെ പ്രസ്താവന.

കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിച്ചാല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. ആലപ്പുഴക്കാര്‍ അദ്ദേഹം വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം പാര്‍ലമെന്റില്‍ എത്തേണ്ട ആളാണ് എന്നതുകൊണ്ടാണ് അദ്ദേഹം മത്സരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സാധ്യതാപട്ടികയില്‍ ആലപ്പുഴയില്‍ നേരത്തെ കെ.സി. വേണുഗോപാലിന്റെ പേരാണുണ്ടായിരുന്നത്. സിറ്റിങ് എം.പിമാരുള്ളിടത്ത് അവരുടെ പേരുകള്‍ മതിയെന്ന് ഹൈക്കമാന്‍ഡും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പിനായി വളരെ സുപ്രധാനമായ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. ഈ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനിടയില്‍ ആലപ്പുഴയില്‍ മത്സരിക്കുക പ്രായോഗികമല്ല. ഡല്‍ഹിയിലിരുന്ന് ആലപ്പുഴയില്‍ മത്സരിക്കുന്നത് വോട്ടര്‍മാരോട് കാണിക്കുന്ന നീതികേടാണെന്നും വേണുഗോപാല്‍ പറഞ്ഞിരുന്നു.

 

താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മത്സരിക്കേണ്ടെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് കെ.പി.സി.സി പ്രസിഡന്റായത്. അതുകൊണ്ട് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദം ചെലുത്തില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പി. ജയരാജനെതിരെ മുല്ലപ്പള്ളി വടകരയില്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരള കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നമാണിത്. ആവശ്യമെന്നു കണ്ടാല്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Content Highlights: k c venugopal, lok sabha election 2019, Congress, Mullappally ramachandran