കൊച്ചി: കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അവതരിപ്പിച്ച മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് കെ.സി.വേണുഗോപാല്‍ എംപി. മുത്തലാഖ് ബില്ലിനെ കുറിച്ച് യുഡിഎഫിലോ യുപിഎയിലോ ഒരു ആശയക്കുഴപ്പവുമില്ലെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടാണെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരമൊരു ബില്ല് പാസാക്കുന്നതില്‍ പ്രതിപക്ഷത്തിന് യോജിപ്പില്ല. ബില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പത്ത് പ്രതിപക്ഷ പാര്‍ട്ടികളും എതിര്‍ത്തിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റിയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംപിമാരും മറ്റു പ്രതിപക്ഷ കക്ഷികളും കേന്ദ്രത്തെ പിന്തുണയ്ക്കുന്ന എഐഎഡിഎംകെ പോലും ബില്ലിനെ എതിര്‍ത്തു. അതംഗീകരിക്കാതെ വന്നപ്പോഴാണ് വാക്കൗട്ട് നടത്തിയത്.

മൂന്ന് വര്‍ഷത്തെ തടവ് ഉള്‍പ്പെടെ ക്രിമിനല്‍ പ്രൊവിഷന്‍ ചേര്‍ത്തത് അംഗീകരിക്കാനാവില്ല. വനിതാ ശാക്തീകരണത്തിനല്ല അവരെ ദുര്‍ബലപ്പെടുത്താനേ ഉപകരിക്കൂ. ഇതുള്‍പ്പെടെ കൃത്യമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബില്ലിനെ എതിര്‍ത്തത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു വാക്കൗട്ട്.

ഈ ബില്‍ 2017 ഡിസംബറില്‍ ലോക്‌സഭ പാസാക്കിയിരുന്നു. അന്ന് ബില്ലിനെതിരെ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായി നിന്നതുകൊണ്ടാണ് രാജ്യസഭയില്‍ അത് പാസാകാതിരുന്നത്. അതുകൊണ്ടാണ് ഓര്‍ഡിനന്‍സാക്കേണ്ടിവന്നതും ലോക്‌സഭയില്‍ വീണ്ടും അവതരിപ്പിച്ചതും. ബില്‍ രാജ്യസഭയില്‍ വരുമ്പോള്‍ കോണ്‍ഗ്രസ് ഇപ്പോഴത്തെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കും. ബില്‍ ഇതേരീതിയില്‍  രാജ്യസഭയില്‍ പാസാക്കാന്‍ ഒരുകാരണവശാലും കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ മുസ്ലിം ലീഗ് ദേശീയ നേതാവും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് ലീഗിന്റെ ആഭ്യന്തരകാര്യമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയ്ക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അതെന്തെന്നറിയാതെ പ്രതികരിക്കാനാവില്ലെന്നുമായിരുന്നു ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹത്തിന്റെ പ്രതികരണം.

content highlights: k c venugopal on triple talaq bill rajyasabha