കെ.സി. ജോസഫ് | ഫോട്ടോ: മാതൃഭൂമി
കോട്ടയം: സമൂലമായ ഒരു അഴിച്ചുപണി കേരളത്തിലെ കോണ്‍ഗ്രസില്‍ ആവശ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ്. ഒരു വ്യക്തിയെ ചൂണ്ടിയല്ല പറയുന്നത്. താഴേ തട്ടുമുതല്‍ അഴിച്ചുപണി ആവശ്യമാണ്. കോണ്‍ഗ്രസിലെ താഴേത്തട്ടിലുള്ള കമ്മറ്റികള്‍ ദുര്‍ബലമാണ്. ജനങ്ങള്‍ക്ക്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പുനസ്ഥാപിക്കാന്‍ കഴിയുന്ന നേതൃത്വം കേരളത്തിലെ കോണ്‍ഗ്രസിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസിനും യു.ഡി.എഫിനും അവിശ്വസനീയമായ ഒരു തിരഞ്ഞെടുപ്പ് ഫലമാണിതെന്നും കെ.സി. ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവകരമായി കണക്കിലെടുക്കണം. പരാജയകാരണം വിലയിരുത്തി, കാരണം കണ്ടെത്തി പരിഹരിക്കണം. അല്ലാതെ മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ന്യൂനപക്ഷങ്ങളില്‍ വലിയ ആശങ്കയുണ്ടായിരുന്നു. ആ ആശങ്ക അവര്‍ പലപ്പോഴും പ്രകടിപ്പിച്ചിട്ടുമുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് നേതൃത്വം ബന്ധപ്പെട്ട് അവരുടെ ആശങ്ക പരിഹരിക്കാന്‍ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. അതില്‍ വലിയൊരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. പക്ഷേ അതിന്റെ പ്രതിഫലനം വോട്ടിങ്ങില്‍ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മുമായി ബന്ധം നേരത്തെ മുതല്‍ ജോസ് കെ. മാണിക്കുണ്ടെന്നും കെ.സി. ജോസഫ് ആരോപിച്ചു. അദ്ദേഹത്തിന്റെ തീരുമാനമാണ് ആ കക്ഷിയെ എല്‍ഡിഎഫില്‍ കൊണ്ടെത്തിച്ചത്. ഞങ്ങളാരും പറഞ്ഞുവിട്ടതല്ല. വലിയ സ്വാധീനമുള്ള അദ്ദേഹത്തിന് പാലായില്‍ വിജയിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Content Highlights: K. C. Joseph, congress kerala, assam election 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..