കൊച്ചി: പുതിയ പ്രതിപക്ഷ നേതാവ് വന്ന സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റും മാറുമെന്ന് നൂറുശതമാനവും ഉറപ്പാണെന്ന് തൃപ്പൂണിത്തുറയില്‍ നിന്നുള്ള നിയുക്ത എം.എല്‍.എ. കെ. ബാബു. 

ഗ്രൂപ്പിന് അതീതമായാണ് ആദ്യഘട്ടത്തില്‍ ചെന്നിത്തലയുടെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ അതിലൊന്നും ഇപ്പോള്‍ പ്രസക്തിയില്ല. തലമുറമാറ്റം വേണമെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തെ ഒറ്റക്കെട്ടായി അംഗീകരിക്കുകയാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തിന്റെ പോരായ്ക കൊണ്ടല്ല അദ്ദേഹത്തെ മാറ്റിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല ഉജ്വലമായ പോരാട്ടങ്ങള്‍ നിയമസഭയില്‍ നടത്തിയിട്ടുണ്ടെന്നും ബാബു പറഞ്ഞു. 

പുതിയ പ്രതിപക്ഷ നേതാവിനെ നിയമിച്ചതിലൂടെ തലമുറമാറ്റമാണോ ഉണ്ടായിരിക്കുന്നത് എന്ന ചോദ്യത്തിന് തലമുറമാറ്റം തന്നെയാണ് ഉണ്ടായിരിക്കുന്നതെന്നും അതില്‍ സംശയമില്ലെന്നും ബാബു പറഞ്ഞു. 

പ്രതിപക്ഷനേതാവും കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനവും ഐ ഗ്രൂപ്പിന് പോകുമെന്ന ആശങ്ക എ ഗ്രൂപ്പിനുണ്ടോ എന്ന ചോദ്യത്തിന് ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

content highlights: k babu on change in kpcc presidentship