ചവറ: പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ വാഹനത്തിനുനേരെ കല്ലേറ്. ഞായറാഴ്ച വൈകീട്ട്  കൊല്ലം ചവറയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയും ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്തു.

കുടുംബയോഗത്തില്‍ പങ്കെടുക്കാനാണ് ഗണേഷ് കുമാര്‍ പത്താപുരത്തുനിന്ന് ചവറയിലെത്തിയത്. ചവറ നല്ലേഴത്ത് മുക്കിന് സമീപത്തുവച്ച് എംഎല്‍എയുടെ വാഹനത്തിനുനേരെ ആക്രമണമുണ്ടായി. പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടി. അതിനിടെ, മുന്‍ പി.എ പ്രദീപ് കോട്ടാത്തല അടക്കമുള്ള ഗണേഷ് കുമാറിന്റെ അനുയായികള്‍ മറ്റൊരു വാഹനത്തില്‍ പിന്നാലെ വരുന്നുണ്ടായിരുന്നു. ഇവര്‍ സ്ഥലത്തെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. പ്രതിഷേധത്തിനിടെയാണ് വാഹനത്തിന്റെ ചില്ല് തകര്‍ത്തത്.

കുറച്ച് ദിവസങ്ങളായി പത്തനാപുരം എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പത്താനപുരത്ത് നടന്ന പരിപാടിക്കിടെ ഗണേഷ് കുമാറിനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു. അതിന്റെ പേരില്‍ ഇന്ന് എംഎല്‍എയുടെ ഓഫീസിന് നേരെ നടത്തിയ മാര്‍ച്ചിനിടെ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹം കുടുംബ യോഗത്തില്‍ പങ്കെടുക്കാന്‍ ചവറയിലെത്തിയത്.

Content Highlights: K.B Ganesh Kumar's vehicle attacked