കൊല്ലം: മുന്‍ കൊല്ലം ജില്ലാ കളക്ടര്‍ക്കെതിരേ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഫെയ്സ്ബുക്ക് ലൈവ് ഇടാനല്ലാതെ മുന്‍ കളക്ടര്‍ ബി. അബ്ദുല്‍ നാസറിനെക്കൊണ്ട് ഒരു പ്രയോജനവും ഉണ്ടായിരുന്നില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. പത്തനാപുരം മണ്ഡലത്തിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഗണേഷ് കുമാറിന്റെ വിമര്‍ശനം. 

പട്ടയവിതരണം ശരിയായി നടക്കാത്തതിനെതിരേ ഗണേഷ് കുമാറിനെതിരേ വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. എംഎല്‍എയുടെ കഴിവുകേടാണ് ഇതിന് കാരണമെന്ന വിമര്‍ശനം പലരും ഉന്നയിച്ചിരുന്നു. ഇതിനെതുടര്‍ന്ന് നടന്ന പട്ടയമേളയിലാണ് കളക്ടറേക്കുറിച്ച് ഗണേഷ് കുമാര്‍ വലിയ വിമര്‍ശനം ഉന്നയിച്ചത്.

പാതിരാത്രിയില്‍ ഫെയ്സ്ബുക്ക് ലൈവ് ഇടാന്‍ മാത്രമേ മുന്‍ കളക്ടര്‍ക്ക് സാധിച്ചിരുന്നുള്ളൂ എന്നും അതുകൊണ്ടുതന്നെ കളക്ടര്‍ വിളിക്കുന്ന പല യോഗങ്ങളിലും താന്‍ പങ്കെടുത്തിരുന്നില്ല. യോഗങ്ങളിലൊന്നും വലിയ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. പുതിയ കളക്ടര്‍ എത്തിയ സാഹചര്യത്തില്‍ അദ്ദേഹവുമായി ആലോചിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിനു പിന്നാലെ മുന്‍ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പരോക്ഷമായി എംഎല്‍എയെ വിമര്‍ശിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. താന്‍ കളക്ടറായിരുന്ന സമയത്ത് തനിക്കെതിരേ വിമര്‍ശനങ്ങളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും ആളില്ലാത്ത പോസ്റ്റില്‍ കയറി ഗോളടിക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചിരുന്നു. പിന്നീട് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

Content Highlights: K B Ganesh Kumar, kollam collector