jyotikumar chamakkalaതിരുവനന്തപുരം:  എല്‍ദോ ഏബ്രഹാം എംഎല്‍എയ്ക്ക് പോലീസ് മര്‍ദനമേറ്റ വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനവും പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. കേരളം ഇപ്പോള്‍ ഭരിക്കുന്നത് 'കൂട്ടുകക്ഷി ' മന്ത്രിസഭയല്ല, കൂട്ടുവെട്ടിയ മന്ത്രിസഭയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നാല് മന്ത്രിസ്ഥാനത്തിനു വേണ്ടി ഇങ്ങനെ ആട്ടും തുപ്പും സഹിക്കേണ്ട ഗതികേടിലായോ പി.കെ.വിയും വെളിയം ഭാര്‍ഗവനുമെല്ലാം നയിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ? സ്വന്തം മകന്റെ സുരക്ഷയോര്‍ത്താണ് കാനം പിണറായിക്ക് സ്വയം അടിമവച്ചിരിക്കുന്നതെന്നാണ് അണിയറ സംസാരം. കാനത്തിന് ഉളുപ്പുണ്ടോയെന്ന് ചോദിച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്

ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ


ലേശം ഉളുപ്പ് .......സഖാവ് കാനം ?
................................

കേരളം ഇപ്പോള്‍ ഭരിക്കുന്നത് 'കൂട്ടുകക്ഷി ' മന്ത്രിസഭയല്ല, കൂട്ടുവെട്ടിയ മന്ത്രിസഭയാണ്. മുമ്പ് കായല്‍ ചാണ്ടിയെ പിണറായി സംരക്ഷിക്കാന്‍ നോക്കിയപ്പോള്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌ക്കരിച്ചു. ഇന്നിപ്പോള്‍ സിപിഐ നേതാക്കളെ പൊലീസ് തല്ലിയതിനെ ചൊല്ലി മന്ത്രിസഭ യോഗത്തില്‍ കൂട്ടത്തല്ല് നടന്നിരിക്കുന്നു.

ഭരിക്കുമ്പോള്‍ സമരത്തിനിറങ്ങിയാല്‍ തല്ലുകൊള്ളുമെന്ന് സിപിഐ ക്കാരെ നോക്കി ബാലന്‍ മന്ത്രി കണ്ണുരുട്ടി അത്രെ. പിണറായിയുടെ പൊലീസ്, എല്‍ദോയുടെ കൈ. ബാലന് എന്തും പറയാം. പക്ഷേ സിപിഐ ഈ അപമാനം എത്രകാലം സഹിക്കുമെന്നാണ് അറിയാത്തത്.

നാല് മന്ത്രിസ്ഥാനത്തിനു വേണ്ടി ഇങ്ങനെ ആട്ടും തുപ്പും സഹിക്കേണ്ട ഗതികേടിലായോ പി.കെ.വിയും വെളിയം ഭാര്‍ഗവനുമെല്ലാം നയിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ? ഒരു കാര്യത്തിലും അഭിപ്രായ ഐക്യമില്ലാത്ത മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം എന്നേ കൈമോശം വന്നിരിക്കുന്നു. ശബരിമലയില്‍ സര്‍ക്കാരിന്റെ നിലപാടുകളെ സിപിഐ തള്ളിപ്പറഞ്ഞു.

ഇടുക്കിയില്‍ എം.എം മണി സിപിഐക്കാരുടെ പിന്നാലെ നടന്ന് പുലഭ്യം പറയുകയാണെന്ന് ശിവരാമന്‍ പരിഭവം പറയുന്നു. മൂന്നാറില്‍, നെടുങ്കണ്ടത്ത് എല്ലാം പോര് പരസ്യമായി. മാവോയിസ്റ്റുകളെ വെടിവച്ചിടുന്നത് കമ്യൂണിസ്റ്റ് രീതിയല്ലെന്ന് ബിനോയ് വിശ്വം മുറുമുറുത്തു.

ഐഐഎസ്എഫിനെ എങ്ങനെയും ക്യാംപസുകളില്‍ നിന്ന് പുറത്താക്കുകയാണ് എസ്എഫ്‌ഐയുടെ പ്രഖ്യാപിത ലക്ഷ്യം. ഇതെല്ലാം സഹിച്ച് മുന്നണിയില്‍ തുടരാനാണ് സഖാവ് കാനത്തിന്റെ തീരുമാനം. ഇടയ്ക്കിടെ വെളിപാടു കിട്ടിയ പോലെ ചില വിമര്‍ശനങ്ങള്‍ നടത്തും.

സ്വന്തം മകന്റെ സുരക്ഷയോര്‍ത്താണ് കാനം പിണറായിക്ക് സ്വയം അടിമവച്ചിരിക്കുന്നതെന്നാണ് അണിയറ സംസാരം. കാനത്തോട് ഒന്നേ ചോദിക്കാനുള്ളൂ.... ലേശം ഉളുപ്പ്...... ?

Content Highlights: LDF government loses Collective responsibilities