തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതിനെതിരായ ആരോപണത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ വി.ഡി സതീശനും ജ്യോതി വിജയകുമാറും. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത് അദ്ദേഹത്തിന് ഈ പരീക്ഷയെക്കുറിച്ചു കൃത്യമായ ഒരു ധാരണ ഇല്ലെന്നു തന്നെയാണെന്ന് ജ്യോതി വിജയകുമാര്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് ഡി. വിജയകുമാറിന്റെ മകളും പരിഭാഷകളിലൂടെ ശ്രദ്ധേയയുമായ ജ്യോതി വിജയകുമാര്‍ സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന ഫാക്കല്‍റ്റി കൂടിയാണ്. ഏറ്റവും കുറഞ്ഞത് ഒന്ന് രണ്ടു വര്‍ഷത്തെ കഠിനമായ, സ്ഥിരമായ, സമഗ്രമായ പഠനമില്ലാതെ ആര്‍ക്കും ഈ പരീക്ഷ പാസാവാനാവില്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട വസ്തുത.

ഈ പരീക്ഷ പാസാകുക എന്ന സ്വപ്നവുമായി ജീവിതത്തില്‍ ഒരു വലിയ റിസ്‌ക് എടുത്തു ഇറങ്ങിത്തിരിച്ചിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ അനാദരിക്കലാണ്; അവരെ ഡീമോറലൈസ് ചെയ്യലാണ്; ഒരു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കലാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അവര്‍ പരീക്ഷയുടെ രീതിയെക്കുറിച്ച് വിശദീകരിക്കുന്നത്.


UPSC ക്ക് എതിരെയും ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരയും ഇത്രയും ബാലിശമായ ആരോപണം ഉന്നയിക്കുന്ന ആദ്യ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ശ്രീ. ജലിലെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരും ജഡ്ജിമാര്‍ പോലും സംശയത്തിന്റെ നിഴലില്‍ നിന്നിട്ടുണ്ടെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനമായ യുപിഎസിക്ക് ഒരിക്കലും ആരോപണവിധേയമായിട്ടില്ല. എഴുത്തുപരീക്ഷയ്ക്ക് 1750 മാര്‍ക്കും അഭിമുഖത്തിന് 275 മാര്‍ക്കും അങ്ങനെ ആകെ 2025 മാര്‍ക്ക് അടങ്ങുന്നതാണ് പരീക്ഷ.

എഴുത്ത് പരീക്ഷ 1750 മാര്‍ക്കിലായതിനാല്‍ അതില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യുന്നവര്‍ കൂടിയ റാങ്ക് നേടും. 275 മാര്‍ക്ക് മാത്രമുള്ള നേര്‍ക്കാഴ്ചയില്‍ കുടുതല്‍ സ്‌കോര്‍ ചെയ്താലും എഴുത്ത് പരീക്ഷയില്‍ കുറവ് മാര്‍ക്കാണെങ്കില്‍ റാങ്ക് പിന്നോട്ടാവും. കണക്കറിയാവുന്ന എല്ലാവര്‍ക്കും ഇത് മനസ്സിലാവുമെങ്കിലും കേരളത്തിലെ വിദ്യാഭ്യാസമന്ത്രിക്ക് ഇതറിയില്ല പോലും. ഈ വര്‍ഷത്തെ ഒന്നാം റാങ്ക് നേടിയ കനിഷ്‌ക് കടാരിയ പെഴ്‌സണാലിറ്റി ടെസ്റ്റില്‍ നേടിയത് 179 മാര്‍ക്കാണ്.

താഴോട്ടുള്ള ഏതാണ്ട് എല്ലാ റാങ്ക് കാരും അദ്ദേഹത്തേക്കാള്‍ മാര്‍ക്ക് നേടിയതായി കാണാം. 275 ല്‍ 206,204 ഒക്കെ നേടിയവര്‍ നൂറും ഇരുന്നൂറും റാങ്ക് താഴെ. ടോട്ടല്‍ മാര്‍ക്ക് കൂടുതലായതിനാല്‍ ശ്രീ.കടാരിയ ഒന്നാം റാങ്ക് നേടിയെന്ന് സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

Content Highlights: UPSC Exam procedure