പൂക്കള്‍.. അത് അച്ഛനുള്ളതാണെന്ന് ദേവപ്രയാഗയ്ക്കറിയില്ല


ജി. രാജേഷ് കുമാര്‍

പ്രദീപിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൂവ് എടുത്തുവെയ്ക്കുന്ന മകൾ ദേവപ്രയാഗ. അമ്മ കുമാരി, മകൻ ദക്ഷിൺ ദേവ്, ഭാര്യ ശ്രീലക്ഷ്മി തുടങ്ങിയവർ സമീപം

തൃശ്ശൂര്‍: മകനുകൊടുക്കാന്‍ കൊതിച്ച ചുംബനം രണ്ടരവയസ്സുകാരി കൊച്ചുമകള്‍ക്ക് നല്‍കി രോഗക്കിടക്കയിലേക്ക് തിരിച്ചുപോകുന്ന അച്ഛന്‍. രാജ്യമൊന്നാകെ തനിക്കുപിന്നിലുണ്ടെന്ന ബലത്തില്‍ വിതുമ്പലൊതുക്കുന്ന ഭാര്യ. ചെറുപ്രായത്തില്‍ ചിതയ്ക്ക് അഗ്നിപകരുന്ന മകന്‍.

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറന്റ് ഓഫീസര്‍ തൃശ്ശൂര്‍ പുത്തൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ പ്രദീപിന്റെ അന്ത്യയാത്ര ഓരോരുത്തരിലും സങ്കടത്തിന്റെ കനലുകള്‍ കോരിയിട്ടു.

ന്യൂഡല്‍ഹിയില്‍ തുടങ്ങിയ വിലാപയാത്ര പൊന്നൂക്കര ഗ്രാമത്തിലേക്ക് അടുക്കുന്തോറും വികാരതീവ്രമായിമാറി. പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ പൊതുദര്‍ശനത്തിനുശേഷം നാലുകിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കുള്ള വഴിയുടെ അരികില്‍ ജനം പൂക്കളുമായി കാത്തുനിന്നു.

ന്യൂഡല്‍ഹിമുതല്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മൃതദേഹത്തെ അനുഗമിച്ചു. കോയമ്പത്തൂര്‍ വ്യോമതാവളത്തില്‍ ടി.എന്‍. പ്രതാപന്‍ എം.പി. എത്തി. സംസ്ഥാനസര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. രാജന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ വാളയാറില്‍ മൃതദേഹം ഏറ്റുവാങ്ങി.

തുടര്‍ന്ന്, വിലാപയാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ തൃശ്ശൂര്‍ ജില്ലാ അതിര്‍ത്തിയായ വാണിയമ്പാറയില്‍ എത്തിയപ്പോള്‍ സമയം ഉച്ചയ്ക്ക് രണ്ട്. കളക്ടര്‍ ഹരിത വി. കുമാറും ഉദ്യോഗസ്ഥരും ഇവിടെ കാത്തുനിന്നു.

പ്രദീപ് പഠിച്ച പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 2.40-ഓടെ മൃതദേഹം എത്തിച്ചപ്പോള്‍ നാടാകെ കാത്തുനിന്നപോലെ. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശ്രീറാമിന്റെ നേതൃത്വത്തിലുള്ള 70 സൈനികര്‍ ഇവിടെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

ഒരുമണിക്കൂര്‍ ഇവിടെ പൊതുദര്‍ശനം. സംസ്ഥാനസര്‍ക്കാരിനുവേണ്ടിയും മുഖ്യമന്ത്രിക്കുവേണ്ടിയും റീത്തുകള്‍ സമര്‍പ്പിച്ചു. മന്ത്രി ആര്‍. ബിന്ദു, രമ്യ ഹരിദാസ് എം.പി., എം.എല്‍.എ.മാരായ സനീഷ്‌കുമാര്‍ ജോസഫ്, മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രന്‍, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സേവ്യര്‍ ചിറ്റിലപ്പിള്ളി, തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും രാഷ്ട്രീയനേതാക്കളും നാട്ടുകാരും സഹപാഠികളും അന്ത്യോപചാരം അര്‍പ്പിച്ചു. 'മാതൃഭൂമി'ക്കുവേണ്ടി റീത്ത് സമര്‍പ്പിച്ചു.

തുടര്‍ന്ന്, വീട്ടിലെത്തിച്ചശേഷം പ്രദീപിന്റെ യൂണിഫോമും മെഡലുകളും വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഭാര്യ ശ്രീലക്ഷ്മിക്കു കൈമാറി. വ്യോമസേനയുടെയും സംസ്ഥാനപോലീസിന്റെയും ഗാര്‍ഡ് ഓഫ് ഓണറിനുശേഷം ചിതയ്ക്ക് മകന്‍ ദക്ഷിണ്‍ദേവ് തീപകര്‍ന്നു.

പൂക്കള്‍ അത് അച്ഛനുള്ളതാണെന്ന് ദേവപ്രയാഗയ്ക്കറിയില്ല

പുത്തൂര്‍: പ്രദീപിന്റെ മൃതദേഹം പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചപ്പോള്‍ രണ്ടരവയസ്സുള്ള മകള്‍ ദേവപ്രയാഗയെ ആദ്യം അടുത്തേക്ക് കൊണ്ടുവന്നില്ല. ഭാര്യ ശ്രീലക്ഷ്മിയും മൂത്തമകന്‍ ദക്ഷിണ്‍ദേവും അമ്മ കുമാരിയും മൃതദേഹത്തിനടുത്ത്.

അമ്മയെ കാണാതിരുന്നപ്പോള്‍ കരഞ്ഞ ദേവപ്രയാഗയെ ഒരു ബന്ധു ശ്രീലക്ഷ്മിയുടെ കൈകളിലേക്ക് എത്തിച്ചു. കരച്ചിലടക്കിയ ദേവപ്രയാഗയുടെ കൈകള്‍ മെല്ലെ നീങ്ങിയത് പ്രദീപിന്റെ മൃതദേഹം അടങ്ങിയ പേടകത്തിലേക്ക്. നാട്ടുകാര്‍ ആദരമര്‍പ്പിച്ച പൂക്കള്‍ ഓരോന്നായി അവള്‍ പെറുക്കി അമ്മയെ കാണിക്കുന്നുണ്ടായിരുന്നു.

പ്രദീപിന്റെ അച്ഛന്‍ സി. രാധാകൃഷ്ണനെ രോഗക്കിടക്കയില്‍നിന്ന് മൃതദേഹത്തിനടുത്തേക്ക് എത്തിച്ചപ്പോഴും വൈകാരികരംഗങ്ങളുണ്ടായി. പൂക്കളര്‍പ്പിക്കുന്ന അപ്പൂപ്പനെ കണ്ടപ്പോള്‍, ദേവപ്രയാഗ 'അച്ഛാച്ഛാ...' എന്നു വിളിച്ച് കരയാന്‍ തുടങ്ങി. ഇതു കണ്ട രാധാകൃഷ്ണന്‍ കൊച്ചുമകളെ അടുത്തേക്ക് കൊണ്ടുവരാന്‍ ആംഗ്യം കാണിച്ചു. കവിളില്‍ ഉമ്മ നല്‍കിയശേഷം നനവാര്‍ന്ന കണ്ണുകളോടെ രാധാകൃഷ്ണന്‍ തന്റെ കിടക്കയിലേക്ക് മടങ്ങി.

വീട്ടിലൊരുക്കിയ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് രാധാകൃഷ്ണന്റെ ഓരോ ദിനവും നീങ്ങുന്നത്.

രാധാകൃഷ്ണനെ പരിചരിക്കാന്‍ ഡോക്ടറും നഴ്സുമാരുമടങ്ങുന്ന സംഘത്തെ കഴിഞ്ഞ ദിവസം മുതല്‍ ഈ വീട്ടില്‍ നിയോഗിച്ചിരുന്നു. ഒരു ആംബുലന്‍സും ഇവിടെ സജ്ജമാക്കിയിരുന്നു. മന്ത്രി കെ. രാജന്റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു ഇത്.

അന്തിമോപചാരമര്‍പ്പിച്ച് നാട് ഒന്നാകെ..

പുത്തൂര്‍: രാജ്യത്തിന്റെ ധീരനായ ജവാനെയാണ് നാടിന് നഷ്ടമായതെന്ന് അവസാന നോക്കുകാണാനെത്തിയ ഓരോരുത്തര്‍ക്കും നല്ലബോധ്യമായിരുന്നു. സാധാരണക്കാര്‍ മുതല്‍ ഭരണസാരഥികള്‍ വരെ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. 'പ്രദീപ് അമര്‍ രഹേ ഹേ' എന്ന് പലരും ഉച്ചത്തില്‍ വിളിക്കുന്നുണ്ടായിരുന്നു. എന്‍.സി.സി., സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍, എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍, സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, ബി.ജെ.പി. നേതാക്കളായ പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, ബി. ഗോപാലകൃഷ്ണന്‍, ഡി.സി.സി. മുന്‍ പ്രസിഡന്റ് എം.പി. വിന്‍സെന്റ്, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, എന്‍.സി.പി. നേതാവ് ലതികാ സുഭാഷ്, പി.സി. തോമസ്, ജോസഫ് ടാജറ്റ്, ജോണ്‍ ഡാനിയേല്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചവരില്‍പ്പെടുന്നു.

pradeep

വഴിയിലുടനീളം പൂക്കളുമായി നാട്ടുകാര്‍

പാലക്കാട്: ഊട്ടി കൂനൂരില്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് വാളയാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റുവാങ്ങി. സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഔദ്യോഗിക വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം കൊണ്ടുവന്നത്.

മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, കെ. രാജന്‍, കെ. രാധാകൃഷ്ണന്‍ എന്നിവരാണ് സംസ്ഥാനസര്‍ക്കാരിനുവേണ്ടി പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചത്. തൃശ്ശൂര്‍ പൊന്നൂക്കരയിലെ വീട്ടിലേക്കുള്ള യാത്രയില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ വഴിയിലുടനീളം പുഷ്പങ്ങളുമായി നാട്ടുകാര്‍ എത്തിയിരുന്നു.

11.30ന് സുലൂര്‍ വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വിലാപയാത്രയില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ഉണ്ടായിരുന്നു. വാളയാറിലെ സംസ്ഥാന അതിര്‍ത്തിയില്‍ 12.20 ഓടെ എത്തിയ വാഹനവ്യൂഹത്തിന് പോലീസ്, എയര്‍ഫോഴ്‌സ് സേനാവാഹനങ്ങള്‍ അകമ്പടിയായി. തമിഴ്‌നാട് സര്‍ക്കാര്‍ ആംബുലന്‍സിലെത്തിയ മൃതദേഹം വാളയാറില്‍ മന്ത്രിമാരടക്കമുള്ളവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ രണ്ടുമിനിറ്റ് നിര്‍ത്തി.

മന്ത്രിമാരായ കെ. രാജന്‍, കെ. കൃഷ്ണന്‍കുട്ടി, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമേ ടി.എന്‍. പ്രതാപന്‍ എം.പി., ഷാഫി പറമ്പില്‍ എം.എല്‍.എ., പാലക്കാട് കളക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് എന്നിവരും മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ്, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരും ആദരാഞ്ജലിയര്‍പ്പിക്കാന്‍ വാളയാറിലെത്തി. രണ്ടുമണിയോടെ പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ വാണിയമ്പാറയിലെത്തിയ മൃതദേഹം തൃശ്ശൂര്‍ കളക്ടറും ജനപ്രതിനിധികളും ഏറ്റുവാങ്ങി. തുടര്‍ന്ന്, വാഹനവ്യൂഹം തൃശ്ശൂര്‍ പൊന്നൂക്കരയിലെ പ്രദീപിന്റെ വീട്ടിലേക്ക് തിരിച്ചു

pradeep a

മകന്റെ മരണദിവസം..അന്നായിരുന്നു അമ്മയുടെ ജന്മദിനം

പൊന്നൂക്കര: ബുധനാഴ്ചയായിരുന്നു പ്രദീപിന്റെ അമ്മയുടെ ജന്മദിനം. അന്നാണ് പ്രദീപ് കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. അമ്മയുടെ പിറന്നാളിന് പായസം വെച്ച് അയല്‍ക്കാര്‍ക്കും നല്‍കണമെന്ന് ഓര്‍മിപ്പിച്ചാണ് അവധികഴിഞ്ഞ് രണ്ടാഴ്ചമുമ്പ് പ്രദീപ് മടങ്ങിയത്. അതോര്‍ത്ത് തൊട്ടയല്‍ക്കാരിയായ രാധമ്മ വിതുമ്പുന്നു. അന്ന് കഴിച്ച പാല്‍പ്പായസത്തിന് മധുരമല്ല, കയ്പാണ് എഴുപതുകാരിയായ രാധമ്മയ്ക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

ആഘോഷമൊന്നുമില്ലെങ്കിലും രാധമ്മയ്ക്ക് പായസം ഉണ്ടാക്കിക്കൊടുക്കണമെന്ന് പ്രദീപ് പറഞ്ഞിരുന്നു. ബുധനാഴ്ച ഉച്ചയോടെ തന്നെ പ്രദീപിന്റെ അമ്മ പദ്മിനി പായസമുണ്ടാക്കി രാധമ്മയുടെ വീട്ടില്‍ നല്‍കി. പിന്നീട് കഴിക്കാമെന്ന് കരുതി മാറ്റിവെച്ചു. ഉച്ചമയക്കം കഴിഞ്ഞ് എണീറ്റ രാധമ്മ ഒരു കവിള്‍ പായസം കുടിച്ചു. തൊട്ടുപിന്നാലെയാണ് വീട്ടിലെ ടി.വി ചാനല്‍ വാര്‍ത്തയില്‍ മലയാളി ജവാന്‍ ഹെലികോപ്റ്ററപകടത്തില്‍ മരിച്ച വാര്‍ത്ത കാണുന്നത്. എന്തോ അസ്വസ്ഥതകൊണ്ട് വീടിനകത്തിരിക്കാതെ പുറത്തേക്ക് വന്നു. റോഡില്‍ നാട്ടുകാര്‍ വട്ടംകൂടി നില്‍ക്കുന്നു. മരിച്ച സൈനികനെ തിരിച്ചറിഞ്ഞത് നേരായിരിക്കരുതേ എന്ന് മനസ്സുകൊണ്ട് പ്രാര്‍ഥിച്ചു. വിവരം സത്യമെന്നറിഞ്ഞതോടെ രാധമ്മ തളര്‍ന്നുപോയി. സ്‌കൂള്‍ പഠനകാലത്ത് രാധമ്മയായിരുന്നു പ്രദീപിന്റെ രക്ഷിതാവായി പോയിരുന്നത്.

സ്‌കൂളില്‍ മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നതും പഠനനിലവാര റിപ്പോര്‍ട്ടില്‍ ഒപ്പിട്ടുകൊടുക്കുന്നതുമൊക്കെ രാധമ്മ തന്നെ. അച്ഛനമ്മമാരുടെ തൊഴില്‍ നഷ്ടപ്പെടുത്തേണ്ട എന്നു കരുതിയാണ് രാധമ്മ അതൊക്കെ ഏറ്റെടുത്തത്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented