തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിനു പുറമേ മറ്റു പല കോളേജുകളിലും യൂണിയന്‍ ഓഫീസുകള്‍ ഇടിമുറികളായി പ്രവര്‍ത്തിക്കുന്നുവെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ അധ്യക്ഷനായ സ്വതന്ത്ര കമ്മീഷന്റെ റിപ്പോര്‍ട്ട്. 

അസംഘടിതരായ വിദ്യാര്‍ഥികളുടെ പരാതികള്‍ക്ക് വില നല്‍കുന്നില്ല. ഉന്നത രാഷ്ട്രീയനേതൃത്വത്തിന്റെ പിന്തുണയോടെയാണ് കലാലയങ്ങള്‍ കലാപ സ്ഥലങ്ങളാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറും. 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിനി ആത്മഹത്യാശ്രമം നടത്തിയതിനു പിന്നാലെയാണ് കമ്മീഷന്‍ രൂപവത്കരിച്ചത്. ഇടിമുറികള്‍ പ്രവര്‍ത്തിക്കുന്ന ചില കോളേജുകളുടെ പേരുകള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കോഴിക്കോട് മടപ്പള്ളി കോളേജ് തുടങ്ങിയവയാണിവ. 

എസ് എഫ് ഐ കുത്തകയാക്കിവെച്ചിരിക്കുന്ന പല കോളേജുകളിലും വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ട്. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതത് കാലത്തെ സര്‍ക്കാരുകള്‍ അവരുടെ വിദ്യാര്‍ഥി സംഘടനകളുടെ അക്രമ സംഭവങ്ങളെ എതിര്‍ക്കാത്ത രീതിയിലാണ് മുന്നോട്ടുപോയിട്ടുള്ളത്. ഇതും രാഷ്ട്രീയസംഘര്‍ഷങ്ങള്‍ വര്‍ധിക്കാനുള്ള കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

content highlights: pk shamsuddeen commission report on colleges