കൊച്ചി: പുനലൂരില്‍ മത്സരിക്കാന്‍ യുഡിഎഫുമായി ബന്ധപ്പെട്ടവര്‍ തന്നെ സമീപിച്ചെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. യുഎഡിഫ് രാഷ്ട്രീയത്തോടാണ് നിലവിലെ സാഹചര്യത്തില്‍ താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.
'പുനലൂരില്‍ മത്സരിക്കാന്‍ യുഡിഎഫുമായി ബന്ധപ്പെട്ടവര്‍ സമീപിച്ചു. എന്നാല്‍ എറണാകുളത്തെ മണ്ഡലങ്ങളാണെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണെന്നറിയിച്ചു. എംഎല്‍എ ആയാല്‍ തനിക്ക് ശമ്പളം വേണ്ട. അഴിമതി നടത്താന്‍ ആരേയും സമ്മതിക്കില്ല' കെമാല്‍ പാഷ പറഞ്ഞു.
യുഡിഎഫിന്റെ ഭാഗമായിട്ടല്ലെങ്കില്‍ സ്വതന്ത്രനായിട്ട് മത്സരിക്കാനും തനിക്ക് താത്പര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. തൃക്കാക്കരയിലോ അതിന് സമീപ മണ്ഡലങ്ങളിലോ ആണ് ശ്രമിക്കുന്നതെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.
വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്നുകൊടുത്ത വി ഫോര്‍ കൊച്ചിയുടെ നടപടിയെ പിന്തുണച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കെമാല്‍ പാഷയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
നീതി പീഠത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ചവരൊക്കെ ഇത്തരം ചെയ്തികള്‍ക്ക് കുടപിടിക്കാനൊരുങ്ങിയാല്‍ സഹതപിക്കുക മാത്രമേ നിര്‍വാഹമേയുള്ളൂ. പ്രോത്സാഹനം അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടത് എന്ന് ചിന്തിക്കാന്‍ വേണ്ട വിവേകം അവര്‍ക്കുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.