ജസ്റ്റിസ് കെമാൽ പാഷ പാണക്കാട് എത്തിയപ്പോൾ (സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം)
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്ന ആളാണ് ഹൈക്കോടതി മുന്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാല്‍ പാഷ. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായിരുന്ന കളമശ്ശേരിയില്‍ മത്സരിക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. തന്റെ ആഗ്രഹം കെമാല്‍ പാഷ തുറന്ന് പ്രകടിപ്പിക്കുകയും യുഡിഎഫ് നേതാക്കളെ സമീപിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അദ്ദേഹം പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ കെമാല്‍ പാഷയ്ക്ക് മത്സരിക്കാന്‍ ലീഗ് സീറ്റ് നല്‍കിയില്ല.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുസ്ലിംലീഗിനെതിരെ കെമാല്‍ പാഷ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചതോടെ ലീഗ് പ്രവര്‍ത്തകര്‍ പഴയതൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ കുത്തിപ്പൊക്കുകയാണ്. കെമാല്‍ പാഷ സീറ്റ് ചോദിച്ചെത്തിയ കാര്യം യൂത്ത് ലീഗ് നേതാക്കളും സ്ഥിരീകരിക്കുന്നു.
മുസ്ലിംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്‍ഗ്രസ് അധഃപതിച്ചുവെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെമാല്‍ പാഷ പറഞ്ഞത്.
കോണ്‍ഗ്രസിന് ലീഗ് ഒരു ബാധ്യതയാണ്. കത്വയിലെ പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിച്ച് ലീഗ് അഴിമതി നടത്തി. കോടികളാണ് പിരിച്ചത്. അതിനെ കുറിച്ച് എവിടേയും ഒരു കണക്കുമില്ല. അവിടെ ആര്‍ക്കും കൊടുത്തിട്ടുമില്ല. മുസ്ലിം ലീഗ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും കുടുംബ വാഴ്ചയാണെന്നടക്കമുള്ള വിമര്‍ശനങ്ങളും കെമാല്‍ പാഷ നടത്തി.
തിരഞ്ഞെടുപ്പിന് മുമ്പ് കടുത്ത എല്‍ഡിഎഫ് പിണറായി വിമര്‍ശകനായിരുന്ന കെമാല്‍ പാഷ അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചതും ശ്രദ്ധേയമാണ്.
മുസ്ലിം ലീഗിന് തല്‍കാലം കമാല്‍ പാഷയുടെ മതേതര സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും. ഒരു നിയമസഭാ സീറ്റാണത്രേ കമാല്‍ പാഷയുടെ മതേതര സര്‍ട്ടിഫിക്കറ്റിന്റെ വിലയെന്നും യൂത്ത്‌ലീഗ് നേതാക്കള്‍ ഇതിനോട് പ്രതികരിച്ചു.
തിരഞ്ഞെടുപ്പിന് മുമ്പ് പുനലൂരില്‍ മത്സരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ തന്നെ സമീപിച്ചുവെന്ന് കെമാല്‍ പാഷ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കളമശ്ശേരിയെ ലക്ഷ്യമിട്ടുകൊണ്ട് എറണാകുളത്തെ ഏതെങ്കിലും ഒരു സീറ്റില്‍ മത്സരിക്കാനാണ് തനിക്ക് താത്പര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ കളമശ്ശേരിയില്‍ താനോ അല്ലെങ്കില്‍ തന്റെ മകന്‍ അബ്ദുള്‍ ഗഫൂറോ മത്സരിക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു ഇബ്രാഹികുഞ്ഞ്. കെ.എം.ഷാജി മുതല്‍ ടി.എ.അഹമ്മദ് കബീര്‍ വരെയുള്ള നേതാക്കള്‍ കളമശ്ശേരിയില്‍ ലീഗിന്റെ സാധ്യത പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ഇബ്രാഹിം കുഞ്ഞിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി വി.ഇ.അബ്ദുള്‍ ഗഫൂറിനെ തന്നെയാണ് ലീഗ് ഇവിടെ സ്ഥാനാര്‍ഥിയാക്കിയിരുന്നത്. ഇതിനിടയിലാണ് കളമശ്ശേരിയില്‍ ആഗ്രഹം പ്രകടിപ്പിച്ച് കെമാല്‍ പാഷ എത്തുന്നത്. ചില കോണ്‍ഗ്രസ്-മുസ്ലിംലീഗ് പ്രാദേശിക നേതാക്കളുടെ പിന്തുണയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ കെമാല്‍ പാഷ പാണക്കാടെത്തിയതും സീറ്റിന് വേണ്ടി ആയിരുന്നുവെന്നാണ് ഇപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..