ന്യൂഡൽഹി: ജസ്റ്റിസ് അമിത് റാവലിനെ കേരള ഹൈകോടതിയിലേക്ക് മാറ്റിയും ജസ്റ്റിസ് എ പി സാഹിയെ മദ്രാസ് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആക്കിയും കേന്ദ്രസർക്കാർ ഉത്തരവിറക്കി.

പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമരേശ്വര്‍ പ്രതാപ് സാഹിയെ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച ഉത്തരവിറക്കി. ചീഫ് ജസ്റ്റിസ് താഹില്‍ രമണി രാജി വച്ചതിന് ശേഷം ജസ്റ്റിസ് വിനീത് കോത്താരി ആയിരുന്നു മദ്രാസ് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്. 

2018 നവംബര്‍ മുതല്‍ എ പി സാഹി പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച് വരികയായിയിരുന്നു. 2004 ല്‍ അലഹബാദ് ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജി ആയി നിയമിതനായ ജസ്റ്റിസ് സാഹിയെ  2005ലാണ് അലഹബാദ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജി ആയി ഉയര്‍ത്തുന്നത്.

ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍ ആണ് പട്‌ന ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്. 2018 നവംബര്‍ മുതല്‍ ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു ജസ്റ്റിസ് സഞ്ജയ് കരോള്‍. ഹിമാചല്‍പ്രദേശിലെ മുന്‍ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന സഞ്ജയ് കരോനെ 2007ലാണ് ഹൈകോടതി ജഡ്ജി ആയി ഉയര്‍ത്തിയത്.

മേഘാലയ ഹൈകോടതി ചീഫ് ജസ്റ്റിസ് എ കെ മിത്തലിനെ മധ്യപ്രദേശ് ഹൈ കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. 2018 മേയിലാണ് ജസ്റ്റിസ് മിത്തലിനെ മേഘാലയ ഹൈകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചത്. അതിന് മുമ്പ് ഒരു ചെറിയ കാലയളവില്‍ ജസ്റ്റിസ് എ കെ മിത്തല്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈകോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്നു. 2004 ല്‍ ആണ് ജസ്റ്റിസ് മിത്തലിനെ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈകോടതിയിലെ അഡീഷണല്‍ ജഡ്ജി ആയി ഉയര്‍ത്തിയത്.

ജസ്റ്റിസ് എ കെ മിത്തലിനെ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആയും ജസ്റ്റിസ് സഞ്ജയ് കരോളിനെ ജാര്‍ഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആയും നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ആദ്യം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ ഒക്ടോബര്‍ 15 ന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം ഭേദഗതി ചെയ്യുകയായിരുന്നു. കൊളീജിയത്തിന്റെ പുതിയ ശുപാര്‍ശ അംഗീകരിച്ച് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നിയമന ഉത്തരവ് ഇറക്കിയത്.

അതേസമയം പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈകോടതിയിലെ ജഡ്ജി ഡോ രവി രഞ്ജനെ  ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയും, രാജസ്ഥാന്‍ ഹൈകോടതിയിലെ ജഡ്ജി മുഹമ്മദ് റഫീഖിനെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനുമുള്ള കൊളീജിയം തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് വരെയും തീരുമാനം എടുത്തിട്ടില്ല. 

പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് അമിത് റാവലിനെ കേരള ഹൈകോടതിയിലേക്ക് മാറ്റാന്‍ ഉള്ള കൊളീജിയം ശുപാര്‍ശയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. പഞ്ചാബിലെ മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന റാവലിനെ 2014 ആണ് അഡീഷണല്‍ ജഡ്ജി ആയി നിയമിച്ചത്. പട്‌ന ഹൈക്കോടതിയില്‍ അഴിമതിയാണെന്ന് ആരോപിച്ച ജസ്റ്റിസ് രാകേഷ് കുമാറിനെ ആന്ധ്ര പ്രദേശ് ഹൈകോടതിയിലേക്ക് സ്ഥലം മാറ്റി.

ചീഫ് ജസ്റ്റിസ്മാരും ജഡ്ജിമാരും നവംബര്‍ 13 ന് ചുമതലയേല്‍ക്കും.

content highlights: Justice A P Sahi, is likely to be sworn in as the chief justice of Madras high court