കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തെറ്റുകളുണ്ടെങ്കില്‍ പോലും ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചതാണെന്നും നിലവില്‍ സഭയുടെ പരിഗണനയിലുള്ള റിപ്പോര്‍ട്ടില്‍ ജുഡീഷ്യറിക്ക് ഇടപെടാനാവില്ലെന്നുമാണ് സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. 

അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുള്ളതിനാല്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഈ വാദമുന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയെയും തിരുവഞ്ചൂരിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് യുഡിഎഫ് സര്‍ക്കാര്‍ തന്നെ നിയമിച്ച സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്.

കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശരിയും തെറ്റുമുണ്ടാകാം. അതില്‍ നടപടിയെടുക്കേണ്ടത് നിയമസഭയാണ്. അതേസമയം, കമ്മിഷന്റെ നടപടികളില്‍ തെറ്റുണ്ടെങ്കില്‍ കോടതിക്ക് പരിഗണിക്കാം- സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, കമ്മിഷന്റെ അന്വേഷണ പരിധിയില്‍ ഒരിക്കലും വരാതിരുന്ന സരിത എസ്. നായരുടെ കത്ത് എങ്ങനെയാണ് റിപ്പോര്‍ട്ടില്‍ പലയിടത്തും പരാമര്‍ശിക്കപ്പെട്ടതെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചു നല്‍കിയപ്പോഴും കമ്മിഷന്‍ അതില്‍ രൂപമാറ്റം വരുത്തിയപ്പോഴും സരിതയുടെ കത്ത് പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

കത്തിനെ മാത്രം അടിസ്ഥാനമാക്കിയല്ല റിപ്പോര്‍ട്ടെന്നും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയുള്ള സാക്ഷിമൊഴികളും മറ്റു തെളിവുകളും കൂടി പരിഗണിച്ചാണ് റിപ്പോര്‍ട്ടെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി.

content highlights: judiciary can not interfere in solar commission report says govt