തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരായുള്ള ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും അന്വേഷിക്കുന്ന കേന്ദ്രഏജന്‍സികള്‍ക്കെതിരെയുള്ള അന്വേഷണം സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം മെയ് ഏഴിനാണ് പുറത്തിറങ്ങിയത്. 

ഹൈക്കോടതി റിട്ട. ജഡ്ജി വികെ മോഹനനെയാണ് ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്താനാണ് കമ്മീഷന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. 

മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന സ്വപ്‌ന സുരേഷിന്റെ ഫോണ്‍ സംഭാഷണം, മന്ത്രിമാരേയും സ്പീക്കറെയും പ്രതിചേര്‍ക്കാന്‍ ശ്രമമുണ്ടായെന്ന സന്ദീപ് നായരുടെ വെള്ളിപ്പെടുത്തല്‍ ഉള്‍പെടെ അഞ്ച് പരിഗണനാ വിഷയങ്ങളാണ് കമ്മീഷന്റെ പരിധിയില്‍ വരുന്നത്. ഈ വിഷയങ്ങളില്‍ കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റിനെതിരെ കമ്മീഷന്‍ അന്വേഷണം നടത്തും. 

വിജ്ഞാപനം ഇറങ്ങി ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.