കോഴിക്കോട്: സി.പി.എമ്മുമായോ പി. ജയരാജനുമായോ ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്ന് ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത അഴീക്കോട്. തങ്ങളുടേത് ഒരു പട്ടികജാതി പ്രസ്ഥാനമായതിനാലാകാം ബിജെപി ഇതിലേക്ക് സി.പി.എമ്മിനെ വലിച്ചിഴച്ചതെന്നും ശത്രുവായി കാണാനുള്ള വിമുഖത കൊണ്ടാകാം അങ്ങനെ പറഞ്ഞതെന്നും അവര്‍ പറഞ്ഞു. വിവാദം വന്ന ശേഷം ബി.ജെ.പി. നേതാക്കള്‍ ആരും വിളിച്ചിട്ടില്ലെന്നും പ്രസീത പറഞ്ഞു. 

"പണം കൊടുത്തില്ല എന്നാണ് ബിജെപിയും കെ. സുരേന്ദ്രനും പറയുന്നത്. പണം വാങ്ങിയില്ലെന്ന് സി.കെ. ജാനുവും പറയുന്നു. എന്നോട് പറഞ്ഞ ഓഡിയോ ക്ലിപ്പില്‍ ബാഗില്‍ ഇട്ടു നടന്നു എന്ന് പറഞ്ഞത് പണം അല്ലെങ്കില്‍ പിന്നെ എന്താണെന്ന് വ്യക്തമാക്കേണ്ടത് ബിജെപിയാണ്. ഇത്ര രഹസ്യമായി ബാഗിലിട്ട് നടന്നത് എന്താണെന്ന് ബിജെപിയും സുരേന്ദ്രനും വ്യക്തമാക്കണം. ഇനി അതല്ല, സി.കെ. ജാനുവിന് പണം കൊടുത്തില്ലെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് പണം എന്തുചെയ്തു?", പ്രസീത ചോദിച്ചു. 

എട്ടരക്ക് ശേഷം താന്‍ അങ്ങോട്ടു വിളിച്ചതാണെന്നും പ്രസീത പറഞ്ഞു. പൈസ കൈമാറി കിട്ടിയാല്‍ മാത്രമേ പത്രസമ്മേളനം നടത്തൂ എന്നാണ് സി.കെ. ജാനു പറഞ്ഞത്. ആ സമയത്താണ് ഇത് കൃഷ്ണദാസ് അറിയുമോ, സി.കെ. ജാനു പറയുമോ എന്ന് സുരേന്ദ്രന്‍ ചോദിച്ചത്. രണ്ട് ദിവസമായി ബാഗിലിട്ട് നടക്കുകയാണ്, റിസ്‌കാണെന്നും സുരേന്ദ്രന്‍ പറഞ്ഞെന്നും പ്രസീത പറഞ്ഞു.

ബത്തേരി ഇലക്ഷനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുണ്ടെന്നും അടുത്ത ദിവസം തന്നെ എന്‍ഡിഎ വിടാനുള്ള തീരുമാനം ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Content Highlights: JRS treasurer Praseetha Azhikode against k surendran