ദേവികുളം: കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടില്‍ പട്ടയം റദ്ദാക്കിയ റവന്യൂവകുപ്പിന്റെ നടപടിക്കെതിരേ ജോയ്‌സ് ജോര്‍ജ് എം.പി കളക്ടര്‍ക്ക് അപ്പീല്‍ നല്‍കി. ഇടുക്കി കളക്ടര്‍ക്ക് നല്‍കിയ അപ്പീല്‍  ഫയലില്‍ സ്വീകരിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ദേവികുളം സബ് കളക്ടറായിരുന്നു കഴിഞ്ഞമാസം ഒമ്പതാം തീയ്യതി ജോയ്‌സ് ജോര്‍ജ് എം.പിയുടെ കൊട്ടക്കമ്പൂരിലെ 28 ഏക്കറോളം വരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കിയത് .അനധികൃതമായി ഭൂമി കയ്യേറി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പട്ടയം റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കളക്ടര്‍ക്ക് നല്‍കാമെന്നും ജോയ്‌സ് ജോര്‍ജിനെ അറിയിച്ചിരുന്നു. പട്ടയം റദ്ദാക്കിയ നടപടി പുനപരിശോധിക്കണം എന്നാണ് അപ്പീലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പട്ടയം റദ്ദാക്കിയ ഉത്തരവ് വന്നതിന് ശേഷം പരാതിയുണ്ടെങ്കില്‍ മുപ്പത് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കണമെന്നായിരുന്നു അധികൃതര്‍ ജോയ്‌സ്  ജോര്‍ജിനെ അറിയിച്ചിരുന്നത്. ഇതിനിടെ കൊട്ടക്കമ്പൂര്‍ ഭൂമിയിടപാട് നീട്ടിക്കൊണ്ട് പോവാന്‍ പദ്ധതിയിടുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പോലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് ജോയ്‌സ് ജോര്‍ജ് എം.പി കോടതിയെ അറിയിച്ചു. ഇതോടെ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. 

ജോയ്സ് ജോര്‍ജ്  എം.പി., ഭാര്യ അനൂപ, അമ്മ മേരി, സഹോദരങ്ങളായ രാജീവ് ജോര്‍ജ്, ജസ്പിന്‍ ജോര്‍ജ് എന്നിവരുടെ പേരില്‍ കൊട്ടക്കമ്പൂരില്‍ വ്യാജ പട്ടയം ഉപയോഗിച്ച് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയ വാര്‍ത്ത മാതൃഭൂമി ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. 

ജോയ്‌സ് ജോര്‍ജ് എം.പിയും കുടുംബാംഗങ്ങളും അഭിഭാഷകന്‍ മുഖേന ദേവികുളം സബ്കളക്ടര്‍ക്ക് മുന്‍പില്‍ രേഖകള്‍ ഹാജരാക്കിയിരുന്നു.  എന്നാല്‍ ഇവരുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ്  ഭൂമിക്കു മേലുള്ള ഉടമസ്ഥാവകാശം റദ്ദാക്കിയത്.