തിരുവനന്തപുരം: ലിംഗം മുറിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിലൂടെ സ്വയരക്ഷയ്ക്ക് ലിംഗം മുറി ആവാം എന്ന് അംഗീകരിച്ചിരിക്കുകയാണെന്ന് നടന്‍ ജോയ് മാത്യു. സ്തീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് അറുതിവരാതാകുമ്പോഴാണ്‌ ജനം ഇത്തരം പ്രവൃത്തികളെ ആഘോഷിക്കുന്നത്. കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കേണ്ട ഭരണകൂടത്തിന് അതിനു സാധിക്കുന്നില്ല എന്ന് സമ്മതിക്കുകയാണ് മുഖ്യമന്ത്രി. ലിംഗംമുറി ന്യായീകരിക്കപ്പെടുന്നത് വയലന്‍സിനോടുള്ള ആര്‍ത്തികൊണ്ടല്ലേയെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

അഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചിരിയോടുകൂടിത്തന്നെ ലിംഗംമുറിക്ക് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല ലിംഗംമുറിയെ ഒരു ധീരനടപടിയെന്ന് വാഴ് ത്തുകയാണു ചെയ്തത്-അതിനര്‍ഥം ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വയരക്ഷക്ക് ലിംഗംമുറി ആവാം എന്ന് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു എന്നതല്ലേ? നാട്ടില്‍ നടക്കുന്ന ഏത് ക്രൈമിനെപ്പെറ്റി ചോദിച്ചാലും പരിശോധിച്ചിട്ട് പറയാം എന്ന് പറഞ്ഞു ശീലിച്ചിരുന്ന ആളാണ് തന്റെ അഭിപ്രായം ഇങ്ങിനെ കാച്ചിയത്. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കേണ്ടത് ഭരണകൂടമല്ല. സ്ത്രീകള്‍ തന്നെയാണ് എന്നതാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്?- ജോയ് മാത്യു ചോദിക്കുന്നു.

മൂന്നുമാസം മുമ്പ് ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തെ മുന്‍ നിര്‍ത്തി അത്മീയവിഷയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലൈംഗിക തൃഷ്ണകളാല്‍ നിയന്ത്രണം വിട്ടുപോകാതിരിക്കാന്‍ മൂന്നു നിര്‍ദ്ദേശങ്ങള്‍ ഞാന്‍ മുന്നോട്ട് വെച്ചിരുന്നു- അതിലൊന്ന് വന്ധ്യംകരണം ചെയ്യുക എന്നതായിരുന്നു. അത് ഇത്രപെട്ടെന്ന് പ്രയോഗത്തില്‍ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

joy mathew

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം