കൊച്ചി: മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചപ്പോള്‍ ജനങ്ങളും മാധ്യമങ്ങളും അത് ആഘോഷമാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ചലച്ചിത്ര താരവും സംവിധായകനുമായ ജോയ്മാത്യു. ആരവങ്ങള്‍ മുഴക്കി ഫ്‌ളാറ്റുകള്‍ പൊളിഞ്ഞുവീഴുന്നത് ആഘോഷമാക്കിയ മലയാളികള്‍ ആ ഫ്‌ളാറ്റുകളില്‍ നിന്ന് കുടിയിറക്കപ്പെട്ടവരെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോയെന്നും ജോയ് മാത്യു ചോദിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ്മാത്യു വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മരട് പൊടിയായപ്പോള്‍ എന്തായിരുന്നു മലയാളിയുടെ മനസ്സില്‍ ?
ആ ആര്‍പ്പുവിളികള്‍ പറയുന്നതെന്ത് ?
ഒരു യുദ്ധം കണ്ട പ്രതീതി ,യുദ്ധത്തിലെ പരാജിതന്റെ തകര്‍ച്ചകാണുന്നതിന്റെ ആഹ്ലാദാരവങ്ങളാണ് എങ്ങും .
മാധ്യമങ്ങളും അത് ആഘോഷമാക്കുക തന്നെ ചെയ്തു.
അവര്‍ക്കതു തന്നെ കിട്ടണം എന്ന മലയാളിയുടെ മനസ്സാണ്
ഓരോ സ്‌ഫോടനം കഴിയുമ്പോഴും ആരവം മുഴക്കുന്നത് .
എന്തുകൊണ്ടാണിങ്ങിനെ ?
എന്നാല്‍ മരട് ഫ്ളാറ്റുകളിലില്‍ നിന്നും കുടിയിറക്കപ്പെട്ട മനുഷ്യരുടെ മനസ്സ് എന്തായിരുന്നിരിക്കണം ?
അനധികൃതമായി ,അവിഹിതമായി കെട്ടിപ്പൊക്കിയത് എന്തുതന്നെയാണെങ്കിലും അത് പൊളിച്ച് നീക്കണം എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല
എന്നാല്‍ ആരാണ് അവരെ വഞ്ചിച്ചത് ?
സുപ്രീം കോടതി വിധി വന്നിട്ടും ഞങ്ങള്‍ കൂടെയുണ്ടാകും ഒന്നും ഭയപ്പെടേണ്ടതില്ല എന്ന് പറഞ്ഞു പാഞ്ഞു വന്ന രാഷ്ട്രീയക്കാരാരും പിന്നീട് ഇത് വഴി വന്നില്ല.
അവരും ടിവിക്ക് മുന്നിലിരുന്നു സ്‌ഫോടനപരമ്പരകളുടെ ആഹ്ലാദക്കാഴ്ചകളിലാറാടാനാണ് സാധ്യത .
അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചവര്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നു ,വേണ്ടത് തന്നെ.
എന്നാല്‍ ഇവര്‍ക്ക് അനധികൃത നിര്‍മ്മാണത്തിന് ഒത്താശ ചെയ്തുകൊടുത്ത ഉദ്യാഗസ്ഥന്മാരും രാഷ്ട്രീയ
ദല്ലാള്‍മാരും യാതൊരു പോറലുമേല്‍ക്കാതെ സസുഖം നമുക്കിടയില്‍ വാഴുന്നു.അവരും സ്‌ഫോടനപരമ്പരകള്‍ കണ്ടു ആര്‍പ്പു വിളിക്കുന്നു;തരിബും കുറ്റബോധമില്ലാതെ .
ഒരു കുടുംബം ഒരു വീട് വാങ്ങുന്നത് ജീവിതകാലം അധ്വാനിച്ചുണ്ടാക്കിയ അവരുടെ മുഴുവന്‍ സമ്പാദ്യവും എടുത്തിട്ടോ കടം വാങ്ങിയിട്ടോ ഒക്കെയായിരിക്കുമല്ലോ
സമൂഹത്തില്‍ അന്തസ്സായി ,വൃത്തിയും വെടിപ്പുമുള്ള ഒരു വാസസ്ഥലം .അത്രയേ അവര്‍ ആഗ്രഹിച്ചുള്ളൂ ആരാണ് അങ്ങിനെ ആഗ്രഹിക്കാത്തത് ?
അതിനു സാധിക്കാത്തവരും ശ്രമിക്കാത്തവരും താല്പര്യമില്ലാത്തവരും അയല്‍ക്കാരന്റെ തകര്‍ച്ച കാണുന്നതില്‍ സായൂജ്യമടയുന്നവനുമാണ് മലയാളി എന്ന് നാം വീണ്ടും
തെളിയിച്ചുകൊണ്ടിരിക്കയാണ് .അത് അടുത്തകാലത്തതൊന്നും മാറാനും പോകുന്നില്ല .എന്നാല്‍
മരട് ഫ്ളാറ്റുകള്‍ മലയാളിക്ക് നേരെ ഉയര്‍ത്തുന്ന ചോദ്യം ഇതാണ് ;
ആരെ വിശ്വസിച്ചാണ് നിങ്ങള്‍ ഒരു വസ്തു/ /വീട് വാങ്ങുന്നത്?
ഏതു നിയമസംവിധാനമാണ് ഒരു സാധാരണക്കാരനെ ഇക്കാര്യത്തില്‍ സഹായിക്കുക ?
ഏതു സര്‍ക്കാര്‍ സ്ഥാപനമാണ് നിങ്ങള്‍ക്ക് വിശ്വസിക്കാവുന്നത് ?കെട്ടിട മാഫിയകള്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ ദല്ലാള്‍മാര്‍ക്കും കോഴകൊടുത്ത് കള്ളപ്രമാണങ്ങളും
കള്ളപെര്മിറ്റുകളും ലഭ്യമാക്കുന്ന ഈ നാട്ടില്‍ ആരെ വിശ്വസിച്ചാണ് നിങ്ങള്‍ ഒരു വാസസ്ഥലം സ്വന്തമാക്കുക ?
ഒരാള്‍ക്ക് പോലും പോറലേല്‍ക്കാതെ അതി വിദഗ്ധമായി കെട്ടിടം തകര്‍ക്കുന്ന സാങ്കേതികവിദ്യ പ്രശംസിക്കപ്പെടേണ്ടത് തന്നെ.
എന്നാല്‍ അത് ആഘോഷമായി മാറണമെങ്കില്‍ ഫ്‌ലാറ്റ് നിര്‍മ്മിതിക്ക് കൂട്ടുനിന്ന ,കോഴവാങ്ങിയ ഉദ്യഗസ്ഥരെയും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ ദല്ലാള്‍മാരെയും
തകര്‍ക്കുന്ന കെട്ടിടത്തോടോപ്പം കെട്ടിതൂക്കിയിരുന്നെങ്കില്‍ എന്ന് കുടിയിറക്കപ്പെട്ടവരെങ്കിലും ആഗ്രഹിച്ചുപോയാല്‍ അതില്‍ തെറ്റു പറയാന്‍ പറ്റുമോ ? .

Content Highlight: Joy Mathew fb post against celebrations in maradu flat demolition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..