കോഴിക്കോട്: സ്ത്രീപീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന വിവാദത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. 'ശശി എന്നൊരു പേരുണ്ടെങ്കില്‍ ഒരു പ്രൊട്ടക്ഷന്‍ കിട്ടുമത്രേ!' എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

പി.കെ ശശിയുടെ പേരില്‍ ഉള്‍പ്പെടെ മുമ്പുണ്ടായ വിവാദങ്ങള്‍ പരോക്ഷമായി ഓര്‍മിപ്പിച്ചാണ് 'ശശി' എന്ന പേര് സൂചിപ്പിച്ചുള്ള അദ്ദേഹത്തിന്റെ പരിഹാസം. 

joy mathew

ആരോപണ വിധേയനായ ശശീന്ദ്രനെ വ്യാഴാഴ്ച നിയമസഭയിലും മുഖ്യമന്ത്രി പ്രതിരോധിച്ചിരുന്നു. ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയും ചെയ്തു. 

അതേസമയം മന്ത്രിക്കെതിരേ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനാണ് പരാതിക്കാരിയായ യുവതിയുടെ തീരുമാനം. മുഖ്യമന്ത്രി പ്രതികള്‍ക്കും മന്ത്രിക്കും ഒപ്പമാണ് നിലകൊള്ളുന്നതെന്നും യുവതി ആരോപിച്ചിരുന്നു.

content highlights: joy mathew facebook post against ak saseendran issue