തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരേയും കോവിഡ് മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്നും വാക്‌സിന്‍ ലഭിക്കാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ സൗജന്യമായിലഭ്യമാക്കണമെന്നും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (കേരള) സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ചന്ദ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഐഎന്‍എസിന്റെ അഭ്യര്‍ഥന.

യുദ്ധ സമാനമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ണായകമായ പങ്കാളിത്തമാണ് വഹിക്കുന്നത്. വസ്തുനിഷ്ഠമായ വാര്‍ത്തകളും വിവരങ്ങളും ദൃശ്യങ്ങളും കൃത്യസമയത്ത് ജനങ്ങളിലേക്കെത്തിക്കുകയെന്നത് കോവിഡ് നിയന്ത്രണത്തില്‍ പരമപ്രധാനമാണ്. ഈ ചുമതലയേറ്റെടുത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അഹോരാത്രം അധ്വാനിച്ചു കൊണ്ടിരിക്കുന്നവരാണ് കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലേയും മാധ്യമ പ്രവര്‍ത്തകര്‍.

അതിനാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരേയും മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്നും വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കണമെന്നുമാണ് ആവശ്യം. കോവിഡ് പ്രതിരോധത്തില്‍ ലോക പ്രശംസ പിടിച്ചുപറ്റിയ കേരളം ഇക്കാര്യത്തിലും മാതൃകയാവണമെന്നും വിപിന്‍ ചന്ദിനെപ്പോലെ ഇനിയൊരു ജീവന്‍ നഷ്ടപ്പെടാനിടയാവരുതെന്നും ഐഎന്‍എസ് അഭ്യര്‍ഥനയില്‍ പറയുന്നു.

Content Highlights:Journalists should be consider as frontline workers- INS