കാറിടിച്ച് മരണം, രക്തസാംപിള്‍ വൈകിപ്പിക്കല്‍, റിട്രോഗ്രേഡ് അംനേഷ്യ.. ശ്രീറാം കേസിന്‍റെ നാള്‍വഴി


-

2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് മ്യൂസിയം-വെള്ളയമ്പലം റോഡില്‍ നടന്ന അപകടത്തിലാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീര്‍ മരിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ചശേഷം അതിവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പോലീസ് കേസ്. കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍. ഒപ്പമുണ്ടായിരുന്നത് സുഹൃത്ത് വഫ. അപകടത്തില്‍പെട്ട ബഷീറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അതിവേഗത്തില്‍ വാഹനമോടിച്ചു. വാഹനമോടിച്ചത് ഒപ്പമുണ്ടായിരുന്ന സ്ത്രീയാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. രക്തപരിശോധനയ്ക്ക് നിന്നില്ല. അപകടത്തെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീറാം അനുമതിയില്ലാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനുള്ള രക്ത പരിശോധന നടത്തുന്നതിനും സമ്മതിച്ചില്ല തുടങ്ങിയ ആരോപണങ്ങളായിരുന്നു ശ്രീരാമിനെതിരെ ഉണ്ടായിരുന്നത്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയ ശേഷമാണ് രക്തം പരിശോധനയ്ക്കായി എടുത്തത്. ഇതിനിടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആശുപത്രിയിലായിരുന്ന ശ്രീറാം പിന്നീട് അറസ്റ്റിലായി. മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ അദ്ദേഹത്തെ ആംബുലന്‍സിലെത്തി പരിശോധിച്ച മജിസ്ട്രേറ്റ് തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശ്രീറാമിന് മറവി രോഗമുണ്ടെന്ന തരത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ റിപ്പോര്‍ട്ടും വിവാദമായി. തുടര്‍ന്ന് ശ്രീറാം സസ്പെന്‍ഷനിലുമായി.മ്യൂസിയം പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് പ്രതികളുമായി ഒത്തുകളിച്ചുവെന്ന ആരോപണം വന്നതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വണ്ടിയോടിച്ചത് ശ്രീറാം തന്നെയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നായിരുന്നു കെമിക്കല്‍ പരിശോധനാ ലാബിന്റെ റിപ്പോര്‍ട്ട്.

അപകടം നടന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ആറ് മാസം പിന്നിട്ടപ്പോള്‍ 2020 ഫെബ്രുവരി ഒന്നിന് കുറ്റപത്രം സമര്‍പ്പിച്ചു. ശ്രീറാം ഒന്നാംപ്രതിയും വഫ രണ്ടാംപ്രതിയും. മദ്യപിച്ച് അതിവേഗത്തില്‍ കാറോടിച്ചതാണ് അപകട കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. ശ്രീറാമിനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയും വഫയ്ക്കെതിരേ പ്രേരണാക്കുറ്റവും ചുമത്തിയിരുന്നു.

ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തില്‍ നൂറു സാക്ഷിമൊഴികളുണ്ട്. 66 പേജുള്ള കുറ്റപത്രത്തില്‍ 84 രേഖകളും 72 തൊണ്ടിമുതലുകളുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 (രണ്ട്), 201 വകുപ്പുകളും മോട്ടോര്‍വാഹന നിയമത്തിലെ 184, 185, 188 വകുപ്പുകളുമാണ് ശ്രീറാമിനും വഫയ്ക്കുമെതിരേ ചുമത്തിയത്. കാറിന്റെ അതിവേഗവും അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുമുള്ളത് ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്

2020 ഫെബ്രുവരി 24-ന് രണ്ടുപ്രതികള്‍ക്കും ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കി. അപകടദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളുടെ പകര്‍പ്പ് വേണമെന്ന് ശ്രീറാം കോടതിയില്‍ ആവശ്യപ്പെട്ടു. പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇത് നല്‍കുന്നതിന് സമയമെടുത്തു. തുടര്‍ന്ന് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റി. വിവിധ കാരണങ്ങളാല്‍ പലപ്പോഴും പ്രതികള്‍ കോടതിയില്‍ എത്തിയില്ല

കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്മേല്‍ വാദം ബോധിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. 2020 ജൂലായ് 27-ന് ശ്രീറാം വെങ്കിട്ടരാമനും വഫയും കോടതിയില്‍ നേരിട്ട് ഹാജരായി. കേസ് നടക്കുന്നതിനിടെ ഒക്ടോബറില്‍ ശ്രീറാമിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

2019 ഓഗസ്റ്റ് അഞ്ചിന് സസ്പെന്‍ഷനിലായ ശ്രീറാം 2020 മാര്‍ച്ചില്‍ തിരികെ സര്‍വീസിലെത്തി. ആരോഗ്യവകുപ്പില്‍ ജോയന്റ് സെക്രട്ടറിയായി. വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നതിനുള്ള ഫാക്ട് ചെക്ക് വിഭാഗത്തില്‍ ആരോഗ്യവകുപ്പ് പ്രതിനിധി ആയി.

കേസ് പുരോഗമിക്കുന്നതിനിടെ 2022 ജൂലായ് 26ന് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചു, എന്നാല്‍ ഇതിനെതിരെ വിവിധ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും പ്രതിഷേധം കനപ്പിച്ചതോടെ ചുമതലേയേറ്റ് ഏഴാം നാള്‍ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. പിന്നാലെ ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജരായി നിയമിച്ചു.

2022 ഓഗസ്തില്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി നല്‍കിയത്. ബഷീറിന്റെ കൈയില്‍ നിന്ന് നഷ്ടമായ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹത ഉണ്ട്. പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഉന്നത സ്വാധീനമുള്ള ഐഎഎസ് ഉദ്യോഗസ്ഥനായതിനാല്‍ സിബിഐ തന്നെ കേസ് അന്വേഷിക്കണം എന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. സി.ബി.ഐ.ക്ക് നോട്ടീസിനും നിര്‍ദേശിച്ചു.

2022 സെപ്തംബറില്‍ തനിക്കെതിരേയുള്ള കുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ച് ശ്രീറാം കോടതിയെ സമീപിച്ചു. കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിടുതല്‍ ഹര്‍ജിയാണ് നല്‍കിയത്. മദ്യപിച്ചതിന് തെളിവില്ലെന്നും മോട്ടോര്‍വാഹന നിയമം മാത്രമാണ് ബാധകമാവുന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞു. മറ്റൊരു പ്രതിയായ വഫ ഫിറോസ് അതിന് മുന്‍പേ തന്നെ ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു.

കേസില്‍ തനിക്കെതിരേ ഒരു തെളിവുമില്ലെന്നും മദ്യപിച്ച് വാഹനം ഓടിച്ചുവെന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നായിരുന്നു ശ്രീറാം വാദിച്ചത്. ഇതൊരു സാധാരണ വാഹനാപകടം മാത്രമാണ്. കെഎം ബഷീറിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ താന്‍ വാഹനം ഓടിച്ചിട്ടില്ലെന്നും മറ്റെല്ലാ ആരോപണങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല തുടങ്ങിയ വാദങ്ങളാണ് ശ്രീറാം പ്രധാനമായും മുന്നോട്ടുവച്ചത്. അതേസമയം, ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷനും വാദിച്ചു.

മദ്യപിച്ചിരുവന്നുവെന്ന് തെളിയിക്കാന്‍ രക്ത സാംപിളുകള്‍ എടുക്കേണ്ടത് അത്യാവശമായിരുന്നു. എന്നാല്‍ സംഭവം നടന്ന് 10 മണിക്കൂറിന് ശേഷം മാത്രമാണ് രക്ത സാംപിള്‍ എടുക്കാന്‍ ശ്രീറാം അനുവദിച്ചത്. ഇതുതന്നെ തെളിവ് നശിപ്പിക്കാനുള്ള നീക്കമായി വിലയിരുത്തേണ്ടി വരുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. താനല്ല വഫ ഫിറോസാണ് വാഹനം ഓടിച്ചതെന്നാണ് ശ്രീറാം ആദ്യം പോലീസിന് നല്‍കിയ മൊഴി. അതും തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസുമായി ബന്ധപ്പെട്ട യഥാര്‍ഥ കാരണങ്ങള്‍ പുറത്തുവരാന്‍ കൃത്യമായ വിചാരണ നടക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

2022 ഒക്ടോബര്‍ 19- കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ മനഃപൂര്‍വമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കി. ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് നരഹത്യാക്കുറ്റത്തില്‍നിന്ന് കോടതി ഒഴിവാക്കിയത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ മാത്രമേ ശ്രീറാമിനെതിരേ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. രണ്ടാംപ്രതിയായ വഫ ഫിറോസിനെതിരേ മോട്ടോര്‍ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു. കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

Content Highlights: journalist km basheer accident death case sreeram venkitaraman wafa firoz


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented