ബദരിനാഥ് ക്ഷേത്രത്തിലെ റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരി, ബദരിനാഥ് ക്ഷേത്രം
കൊച്ചി: ഭൂമി പിളര്‍ന്നും വീടുകള്‍ വിണ്ടും ജോഷിമഠ് വാര്‍ത്തകളില്‍ നിറയുമ്പോള്‍ പ്രാര്‍ഥനകളോടെ കണ്ണൂരിലുണ്ട് ബദരിനാഥ് ക്ഷേത്രത്തിലെ റാവല്‍ (മുഖ്യ പൂജാരി) ഈശ്വരപ്രസാദ് നമ്പൂതിരി. ഈ പ്രതിസന്ധി മറികടക്കാനാകും. ഹിമാലയത്തിന് അരുതാത്തതെല്ലാം ഒഴിവാക്കുകയാണ് വേണ്ടത് - പയ്യന്നൂര്‍ വടക്കേ ചന്ദ്രമന ഇല്ലത്തെ ഈശ്വരപ്രസാദ് നമ്പൂതിരിയുടെ വാക്കുകളില്‍ ശുഭാപ്തിവിശ്വാസം നിറയുന്നു.
ബദരീനാഥില്‍ 10 വര്‍ഷമായി മുഖ്യ പൂജാരിയാണ് ഈശ്വരപ്രസാദ് നമ്പൂതിരി. ഇവിടെ പണ്ടുമുതലേ മുഖ്യ പൂജാരികള്‍ പയ്യന്നൂര്‍ രാഘവപുരത്തെ നമ്പൂതിരി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഈശ്വരപ്രസാദിന്റെ കുടുംബത്തില്‍നിന്നുതന്നെ ഒന്പതുപേര് മുന്‍പ് റാവലായിട്ടുണ്ട്.
തപോവന്‍ വിഷ്ണുഗഡ് വൈദ്യുതി പദ്ധതിക്കായി സ്ഫോടനങ്ങള്‍ നടത്തിയതാണ് ജോഷിമഠിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറയുന്നുണ്ട്. ശരിയാണെങ്കില്‍ അതിന്റെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കുകയാണ് അഭികാമ്യം-അദ്ദേഹം പറയുന്നു.
മഞ്ഞുകാലം കഴിഞ്ഞ് വരും വര്‍ഷം ക്ഷേത്രനട തുറക്കുന്ന തീയതി നിശ്ചയിക്കാന്‍ 26-ന് ഋഷികേശില്‍ ചേരുന്ന യോഗത്തിന് ഈശ്വരപ്രസാദ് നമ്പൂതിരിയും പോകുന്നുണ്ട്. റാവലിന് ഒപ്പം തെഹ്രി രാജാവും മുഖ്യമന്ത്രിയുടെ പ്രതിനിധിയും ചേര്‍ന്നാണ് തീയതി നിശ്ചയിക്കുക. നട തുറക്കുന്നത് അക്ഷയതൃതീയ കഴിഞ്ഞുള്ള ഒരു ദിനമായിരിക്കും (ഏപ്രില്‍ അവസാനം). ജോഷിമഠിലെ ഗുരുതര പാരിസ്ഥിതിക പ്രശ്നവും കണക്കിലെടുത്താവും തീയതി നിശ്ചയിക്കുക. കോവിഡിനു ശേഷം ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഹിമാലയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ബദരിനാഥ്
സമുദ്രനിരപ്പില്‍നിന്ന് 3,100 മീറ്റര്‍ ഉയരത്തിലാണ് ഉത്തരാഖണ്ഡിലെ ബദരിനാഥ്. ഗഡ്വാള് മേഖലയില്‍ നര, നാരായണ പര്‍വതങ്ങളുടെ താഴെയാണ് ക്ഷേത്രം. ഋഷികേശില്‍നിന്ന് ബദരിയിലേക്കുള്ള വഴിയില്‍ 46 കിലോമീറ്റര്‍ മുന്‍പാണ് ജോഷിമഠ്. ഭാരതത്തിന്റെ നാലുദിക്കുകളിലായി ജോതിര്‍മഠം (ജോഷിമഠ്) ഉള്‍െപ്പടെ നാലുമഠങ്ങള്‍ സ്ഥാപിച്ച ശങ്കരാചാര്യരാണ് ബദരിനാഥിലും പുനഃപ്രതിഷ്ഠ നടത്തിയത്. ആറു മാസമേ ക്ഷേത്രം തുറക്കൂ. കടുത്ത മഞ്ഞുകാലത്ത് നട അടയ്ക്കും.
Content Highlights: joshimath land substence, rawal eshwar prasad namboothiri of badrinath temple with prayers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..