കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസഫ് വാഴയ്ക്കന്‍ രംഗത്ത്. സഭാധ്യക്ഷന് എതിരേ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്നും സാമാന്യമര്യാദ പോലും പാലിക്കാതെയാണ് ആത്മീയതയുടെ വക്താക്കളായ വൈദികര്‍ പെരുമാറുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഏതാനും വൈദികരല്ല സഭ. വിശ്വാസികളാണ് സഭയുടെ ശക്തി. സഭാധ്യക്ഷനെ ബഹുമാനിക്കാത്ത വൈദികര്‍ക്ക് അതേ അനുഭവം തങ്ങളുടെ ഇടവകകളില്‍ നിന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് വാഴയ്ക്കന്‍ മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്..

പരസ്യ പ്രതികരണം ശരിയല്ല

വൈദികര്‍ നടത്തിയ പരസ്യ പ്രതികരണം ഒട്ടും ശരിയായില്ല. സഭയുടെ ഒരംഗമെന്ന നിലയില്‍ വളരെ വേദനിപ്പിക്കുന്ന നടപടികളാണ് അടുത്തകാലത്ത് വൈദികരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമായാണ് ഇത് വരുന്നത്. റിയല്‍ എസ്റ്റേറ്റുകാരുമായൊക്കെ ഇടപെടുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ വലിയ അപകടങ്ങളിലൊക്കെ ചാടാറുള്ളതാണ്. അവിടെ എന്തെങ്കിലും അബദ്ധം പറ്റിയിട്ടുണ്ടാകാം. അത് എല്ലാവരും യോജിച്ചുനിന്നുകൊണ്ട് പരിഹരിക്കേണ്ടതാണ്. വാദിയായി നില്‍ക്കേണ്ട പിതാവിനെ ഇപ്പോള്‍ പ്രതിയാക്കിയിരിക്കുകയാണ്.

വൈദികര്‍ക്ക് പിതാവിനെതിരേ മറ്റ് അജണ്ടകള്‍

ഇതില്‍ ചില വൈദികര്‍ക്ക് മറ്റെന്തോ അജണ്ട ഉള്ളതായി തോന്നുന്നുണ്ട്. രണ്ടുദിവസം മുമ്പ് മലയാറ്റൂരില്‍ കുത്തേറ്റ് മരിച്ച വൈദികന്റെ അനുസ്മരണത്തിനായി യോഗം കൂടിയിരുന്നു. യോഗത്തിന് ശേഷം മാധ്യമങ്ങളെ വിളിച്ച് നിവേദനം കൊടുക്കാനാണെന്ന് പറഞ്ഞ് വഴിയിലൂടെ പ്രകടനം നടത്തി. മാത്രമല്ല, അന്ന് വൈകിട്ട് ചാനലില്‍ ളോഹയിട്ട പുരോഹിതര്‍ വന്ന് ആ മരണത്തില്‍ ദുരൂഹകള്‍ ആരോപിക്കുകയും പിതാവിനെ അതിന്റെ പേരില്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്നതുമൊക്കെ കണ്ടപ്പോള്‍ സത്യത്തില്‍ ഇവരുടെ അജണ്ട വേറെയാണെന്ന് തോന്നുന്നു. ഇതൊട്ടും അംഗീകരിക്കാകാത്ത കാര്യമാണ്. മര്യാദയില്ലാത്ത കാര്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും അവര്‍ പുറകോട്ടുപോകണം.

Mar George Alanchery

വൈദികരുടെ വാക്കുകള്‍ ആത്മീയതയ്ക്ക് യോജിച്ചതല്ല

മലയാറ്റൂരിലെ സംഭവത്തില്‍ മരിച്ച അച്ചന്റെ കുടുംബാംഗങ്ങളും സഭയുമൊക്കെ മറക്കുകയും പൊറുക്കുകയുമൊക്കെ ചെയ്തതാണ്. പ്രത്യേകിച്ച് ഇത് വലിയ നൊയമ്പിന്റെ കാലമാണ്. അത് പരക്കെ പ്രശംസിക്കപ്പെട്ട കാര്യവുമാണ്. പക്ഷേ, അതിനകത്ത് പോലും ഒരു ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഒരു വൈദികന്‍ ചാനലില്‍ വന്ന് സംസാരിക്കുകയാണ്. അതില്‍ പിതാവിനെന്തോ ബന്ധമുണ്ടെന്ന രീതിയിലൊക്കെയാണ് സംസാരിച്ചുവന്നത്. അത് കേട്ടിട്ടുതന്നെ എനിക്ക് വലിയ ദുഖവും വെറുപ്പും തോന്നി. എന്തുമാകാമെന്ന രീതിയില്‍ അങ്ങനെയൊന്നും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്. 

സാധാരണ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലോ വലിയ അധികാര തര്‍ക്കങ്ങളിലോ ഒക്കെ ആളുകള്‍ വഴിവിട്ട് സംസാരിക്കുന്നതൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍, ആത്മീയമായ പ്രസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം വാക്കുകളും പ്രവൃത്തികളും ഉണ്ടാകുന്നത് ന്യായീകരിക്കാനാവില്ല.

ഭൂമിയിടപാട് നടത്താന്‍ കര്‍ദിനാളിന് അധികാരമുണ്ട്

ഭൂമിയിടപാടില്‍ നഷ്ടമുണ്ടായി എന്നുപറഞ്ഞാലും നിയമപരമായി അതൊക്കെ നോക്കാന്‍ അധികാരമുള്ള ആളാണ് സഭാമേലധ്യക്ഷന്‍. സ്വാഭാവികമായും സഭയില്‍ അതിനുള്ള സമിതികളും അച്ചന്‍മാരും പ്രൊക്യൂറേറ്ററുമൊക്കെയുണ്ട്. റിയല്‍ എസ്റ്റേറ്റുകാരുമായി ബന്ധപ്പെടുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ വലിയ മിടുക്കന്‍മാര്‍ക്ക് വരെ അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. അത്തരത്തില്‍ ഒരബദ്ധമാണ് സംഭവിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. പിതാവിനെതിരെ പറയുന്നവര്‍ക്കും അദ്ദേഹം ഇടപാടില്‍ നിന്ന് സാമ്പത്തിക ലാഭമുണ്ടാക്കിയതായി ആക്ഷേപമില്ല. എന്നാല്‍, പിതാവ് സ്ഥാനത്യാഗം നടത്തണമെന്നാണ് അവരുടെ ആവശ്യം. ഇതെന്ത് ന്യായമാണ്. 

കേസ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കോടതി വിധിയെ ചോദ്യം ചെയ്യുന്നില്ല. എങ്കിലും, അതും അംഗീകരിക്കാന്‍ പറ്റാത്തതാണ്. ഉത്തരവാദിത്തപ്പെട്ട ആള്‍ തന്നെയാണ് കച്ചവടം നടത്തിയിരിക്കുന്നത്. അല്ലാതെ അധികാരമില്ലാത്ത ആളൊന്നുമല്ലല്ലോ.

ഇടപാടില്‍ ഉള്‍പ്പെട്ടവര്‍ തട്ടിപ്പ് നടത്തിയിരിക്കാം

അധികാര ദുര്‍വിനിയോഗം നടത്തി എന്നു പറഞ്ഞാല്‍ അതിനുള്ള നടപടി ഇതല്ല. ഉള്ള അധികാരം തന്നെയാണ് വിനിയോഗിച്ചിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷേ, വിറ്റ ഭൂമിയുടെ പണം പൂര്‍ണമായും കിട്ടിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ബ്രോക്കര്‍മാരോ വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട ആളുകളോ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. സഭ ഒന്നിച്ചുനിന്നുകൊണ്ട് അവരില്‍ നിന്ന് അതൊക്കെ വസൂലാക്കാനുള്ള മാര്‍ഗമാണ് തേടേണ്ടത്. അല്ലാതെ അത് പിതാവിനെ പുറത്താക്കാനുള്ള ഒരു അവസരമായി അതിനെ കാണുകയല്ല വേണ്ടത്. 

ഏതാനും വൈദികരല്ല സഭ

വലിയ പ്രസ്ഥാനമാണ് സഭ. ഇവിടെയുള്ള ഏതാനും വൈദികര്‍ മാത്രമല്ല സഭയിലുള്ളത്. മറ്റുള്ളവര്‍ മിണ്ടാതിരിക്കുന്നത് ഇത് നല്ല രീതിയില്‍ തീരുകയാണെങ്കില്‍ തീരട്ടെ എന്നുകരുതിയാണ്. സഭയുടെ ശക്തി വൈദികരല്ല. ലക്ഷക്കണക്കിന് വിശ്വാസികളാണ്. വൈദികര്‍ മനസ്സിലാക്കേണ്ട ഒരുകാര്യം, അവര്‍ക്ക് ബഹുമാനവും ആദരവുമൊക്കെ കിട്ടുന്നത് അവര്‍ക്ക് മുകളിലുള്ളവരെ ബഹുമാനിക്കുകയും മാതൃകാപരമായി ജീവിക്കുകയുമൊക്കെ ചെയ്യുമ്പോഴാണ്. പിതാവിനെ പുലഭ്യം പറഞ്ഞ് പ്രകടനം നടത്തിക്കൊണ്ടുപോയാല്‍ ഇവര്‍ക്ക് താഴെയുള്ളവരും ഇവരെ ഇതേരീതിയിലേ കൈകാര്യം ചെയ്യൂ. ളോഹയിടുന്നവര്‍ക്ക് വലിയൊരു ബഹുമാനം കൊടുക്കുന്നുണ്ട്. എന്നാല്‍, വലിയ ആരാധ്യനായ പിതാവിനെതിരെ ഇവര്‍ക്ക് തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കാമെങ്കില്‍, ഇവര്‍ക്കെതിരെ ഇവരുടെ ഇടവകകളിലും ഇതുതന്നെ സംഭവിക്കും.

തെറ്റു ചെയ്തവര്‍ക്കെതിരേ നടപടി വേണം

കീഴിലുള്ളവര്‍ പറയുന്നതനുസരിച്ച് ഒപ്പിടുക മാത്രമേ സഭാധ്യക്ഷന്‍ ചെയ്യുന്നുള്ളൂ. അതിന്റെ ഉള്ളുകള്ളികളിലേക്കൊന്നും അദ്ദേഹം പോകുന്നില്ല. പണം വന്നില്ലെന്നറിയുമ്പോഴാണ് പ്രശ്നമാണെന്ന് മനസിലാകു. ഭൂമിയിടപാടില്‍ ആലഞ്ചേരി പിതാവിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. തെറ്റു ചെയ്തിട്ടുള്ളവര്‍ക്കെതിരെ നടപടി വേണം. പക്ഷേ, പരസ്യമായി പ്രകടനം നടത്തുകയല്ല അതിനുള്ള മാര്‍ഗം. സഭയ്ക്കകത്തുവേണം അത് കൈകാര്യം ചെയ്യാന്‍. ഏത് കുടുംബത്തിലാണെങ്കിലും അങ്ങനെയല്ലേ ചെയ്യൂ. ആ ഒരു സാമാന്യമര്യാദ പോലും ഈ പുരോഹിതന്‍മാര്‍ക്ക് ഇല്ലാതെപോയി.

ക്ഷമയുടെയും ത്യാഗത്തിന്റെയുമൊക്കെ നോമ്പുകാലമാണിത്. ആ സമയത്ത് വൈദികര്‍ ഇതുപോലൊക്കെ ചെയ്യുന്നത്, വിശ്വാസികള്‍ക്ക് പോലും ഇവരുടെയൊക്കെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കും. അതുണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് ഞങ്ങളെപോലുള്ള ആളുകള്‍ സംസാരിക്കുന്നത്.

Content Highlights: joseph vazhakkan in support of cardinal alencherry