കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി ചരിത്രമുന്നേറ്റമാണ് നടത്തിയതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. യു.ഡി.എഫ്. ചിത്രത്തില്‍ നിന്നും ഇല്ലാതായതായെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത ശക്തികേന്ദ്രങ്ങളെന്ന് മുദ്രകുത്തിയിരുന്ന കോട്ടയം ജില്ലയില്‍ സമ്പൂര്‍ണ്ണമായ തകര്‍ച്ചയാണ് യു.ഡി.എഫിനുണ്ടായത്. ഇടതുമുന്നണിയുടെ ചരിത്ര മുന്നറ്റത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) നിര്‍ണ്ണമായമായ പങ്ക് വഹിച്ചു. 2015 ല്‍ 49 ഗ്രാമപഞ്ചായത്തുകള്‍ യു.ഡി.എഫിന് ലഭിച്ചിരുന്നു. ഇത്തവണ 51 ഗ്രാമപഞ്ചായത്തുകള്‍ ഇടതുമുന്നണി കരസ്ഥമാക്കി. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 10 എണ്ണവും കഴിഞ്ഞ തവണ യു.ഡി.എഫ് കരസ്ഥമാക്കി. ഇത്തവണ 11 ല്‍ 10 ഉം ഇടതുമുന്നണി നേടി എന്നത് ജില്ലയിലുണ്ടായ വലിയ രാഷ്ട്രീയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. നിരവധി ഘടകങ്ങള്‍ സ്വാധീനിക്കുന്ന തദ്ദേശതിരെഞ്ഞെടുപ്പില്‍ രാഷ്ട്രീയ ദിശാസൂചകമായി വിലയിരുത്തപ്പെടുന്ന ജില്ലാ പഞ്ചായത്തില്‍ അട്ടിമറി വിജയമാണ് ഇടതുമുന്നണി നേടിയത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വെറുമൊരു തദ്ദേശ സ്ഥാപനത്തിന്റെ പദവിയുടെ പേരില്‍ നാല് പതിറ്റാണ്ട് കാലം ഒപ്പം നിന്ന ഘടകകക്ഷിയെ ഒരു മുന്നണി പുറത്താക്കുന്നത്. കേരളാ കോണ്‍ഗ്രസ്സ് (എം)നെ പുറത്താക്കിയ നടപടി രാഷ്ട്രീയമായ അനിതിയാണെന്ന ജനകീയ വിലയിരുത്തലാണ് ഈ തെരെഞ്ഞെടുപ്പില്‍ ഉണ്ടായത്. ഇടതുമുന്നണിയുടെ ഭാഗമാകാനാനുള്ള കേരളാ കോണ്‍ഗ്രസ് (എം) ന്റെ രാഷ്ട്രീയ തീരുമാനത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഇപ്പോഴത്തെ ജനവിധിയെന്നും ജോസ് കെ.മാണി പറഞ്ഞു. 

Content Highlights: Jose K Mani's reaction over Kerala Local Body Election 2020