കോട്ടയം: രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ, സത്യത്തിനെതിരേ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേയുളള വിധിയെന്ന് വിശേഷിപ്പിച്ച് ജോസ് കെ.മാണി. പാലയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നുണകൊണ്ട് എത്ര മറയ്ക്കാന്‍ നോക്കിയാലും ഒരിക്കല്‍ സത്യം പുറത്തുവരുമെന്നും കെ.എം.മാണിയുടെ ആത്മാവിന്റെ ശക്തിയാണ് തെളിയിക്കപ്പെട്ടതെന്നും ജോസ് കെ.മാണി പ്രതികരിച്ചു.

നേരത്തെ കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ജോസഫ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. 

തിരഞ്ഞെടുപ്പു കമ്മിഷന്റെ അധികാരത്തിലും അവകാശത്തിലും ഇടപെടില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭൂരിപക്ഷ വിധിയോട് യോജിച്ചു കൊണ്ടാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.

ജോസഫിന്റെ ഹര്‍ജിയില്‍ ആദ്യം ഹൈക്കോടതി രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്.കെ.മാണി വിഭാഗത്തിന് ടേബിള്‍ ഫാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിരുന്നു.

Content Highlight: Jose K Mani press meet HC granting Randila symbol