കോട്ടയം: സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ.എം. മാണിയുടെ പേരോ അദ്ദേഹം അഴിമതിക്കാരനായിരുന്നെന്നോ ഉള്ള പരാമര്‍ശം ഇല്ലായിരുന്നെന്ന് ജോസ് കെ മാണി. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാണിക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശം വന്നുവെന്നത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടയിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ്. കണ്‍വീനര്‍ വിശദാംശങ്ങള്‍ നല്‍കി. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മാണിയുടെ പേരോ അദ്ദേഹം കുറ്റക്കാരനാണെന്ന പരാമര്‍ശമോ ഇല്ല. അങ്ങനെ ഒരു പരാമര്‍ശവുമില്ല. തങ്ങള്‍ പരിശോധിച്ചപ്പോഴും അത്തരത്തില്‍ പരാമര്‍ശമോ പേരോ ഇല്ലെന്നും ജോസ് കെ മാണി പറഞ്ഞു.

യു.ഡി.എഫിന്റെ ഭരണകാലത്തും എല്‍.ഡി.എഫിന്റെ ഭരണകാലത്തും ബാര്‍കോഴ കേസില്‍ അന്വേഷണം നടത്തുകയും അതില്‍ മാണി കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും ചെയ്തതായും ജോസ് പറഞ്ഞു. രണ്ട് പ്രാവശ്യം വിജിലന്‍സ് അന്വേഷിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും മാണി കുറ്റക്കാരനല്ലെന്ന് പറഞ്ഞു. അത് ഹൈക്കോടതി ശരിവെക്കുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: jose k mani on remark against km mani at sc