ജോസ് കെ. മാണി | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഇടതു മുന്നണി പ്രവേശനത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. എ.കെ.ജി. സെന്ററിലെത്തി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി ധാരണകളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് വിവരം.
വെള്ളിയാഴ്ച രാവിലെ എം.എൻ. സ്മാരകത്തിലെത്തി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജോസ് കെ. മാണി എ.കെ.ജി. സെന്ററിലേക്കെത്തിയത്. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിൽ സി.പി.എം., സി.പി.ഐ. ഉഭയകക്ഷി ചർച്ച നടക്കാനിരിക്കെയാണ് ജോസ് കെ. മാണി ഇരുപാർട്ടി നേതാക്കളെയും കണ്ടത്. എ.കെ.ജി സെന്റര്‍ വിട്ടുനല്‍കിയ വാഹനത്തിലായിരുന്നു ജോസ് കെ മാണിയുടെ യാത്ര.
പാർട്ടിയുടെ മുന്നണി പ്രവേശനത്തിൽ സി.പി.ഐ. നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനുപ്പുറത്തേക്ക് പ്രതികരിക്കാനില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി. ഭാവി പരിപാടികൾ മുന്നണിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അധികം വൈകാതെ മുഖ്യമന്ത്രിയെ കാണുമെന്നും ആദ്ദേഹം പറഞ്ഞു.
ഇടത് മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം ആദ്യമായി എ.കെ.ജി. സെന്ററിലെത്തിയ ജോസ് കെ. മാണിക്ക് ഊഷ്മള സ്വീകരമാണ് ലഭിച്ചത്. കൂടിക്കാഴ്ച പൂർത്തിയായ ശേഷം ജോസ് കെ. മാണിയെ യാത്ര അയക്കാൻ കോടിയേരിയും എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവനും എ.കെ.ജി. സെന്ററിന് പുറത്തേക്ക് ഇറങ്ങിവരുകയും ചെയ്തു.
content highlights: jose k mani meets kodiyeri balakrishnan and kanam rajendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..