ജോസ്.കെ.മാണി | ഫോട്ടോ: ജി. ശിവപ്രസാദ് | മാതൃഭൂമി
തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ എടുക്കാൻ ഇന്ന് ചേര്‍ന്ന എല്‍ ഡി എഫ് യോഗം തീരുമാനിച്ചു. എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്‍ ഡി എഫിലെ പതിനൊന്നാമത്തെ ഘടകക്ഷിയാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം.
''കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ മാറ്റമാണ് കേരള കോണ്‍ഗ്രസ് (എം) എല്‍ ഡി എഫ് മുന്നണിയുടെ ഭാഗമാകുന്നതോടുകൂടി ഉണ്ടാകുന്നത്. കേരള കോണ്‍ഗ്രസിനെ പിന്തുണക്കുന്ന ജനവിഭാഗം ഇടതുപക്ഷത്തിന്റെ ഭാഗമാകുന്നതോടുകൂടി യു ഡി എഫ് കൂടുതല്‍ ശിഥിലമാകും. അതിന്റെ വേഗത വര്‍ധിപ്പിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. യുഡിഎഫ് ഒന്നോ രണ്ടോ പാര്‍ട്ടികളുടെ മുന്നണിയായി ചുരുങ്ങിപ്പോയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിനെ ഉപേക്ഷിക്കുന്ന തരത്തിലുള്ള രാഷ്ട്രീമാറ്റം ഉണ്ടാകും. ഇപ്പോഴത്തെ രാഷ്ടട്രീയ ഗതികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് മുന്നേറ്റത്തിന് സാധ്യതയൊരുക്കുമെന്നും വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും''- എ വിജയരാഘവന്‍ പറഞ്ഞു.
ഒരു ഉപാധികളുമില്ലാതെ നയങ്ങളുടെ അടിസ്ഥാനത്തിലാണ് ജോസ് വിഭാഗത്തിന്റെ എല്‍ ഡി എഫ് മുന്നണി പ്രവേശം. വരാന്‍പോകുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിലും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളിലും ഒരുമിച്ച് പോകുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും മുന്നണിയില്‍ തീരുമാനമായി.
മറ്റ് പാര്‍ട്ടികളെ എല്‍ ഡി എഫ് അംഗമാക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. എന്നാല്‍ ജോസ് വിഭാഗത്തിന്റെ അംഗത്വത്തിന് അത്തരത്തിലുള്ള യാതൊരുവിധ താമസവുമുണ്ടായില്ല. 40 വര്‍ഷക്കാലം യു ഡി എഫിനൊപ്പം നിന്നശേഷമാണ് മാണി വിഭാഗം എല്‍ ഡി എഫിൽ എത്തുന്നത്. അടുത്ത എല്‍ ഡി എഫ് യോഗത്തില്‍ ജോസ് കെ മാണി പങ്കെടുക്കും.
Content Highlights: Jose k mani joined in LDF
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..