കോട്ടയം: മുന്നണിയില്‍നിന്ന് പുറത്താക്കിയ യു.ഡി.എഫ്. തീരുമാനം രാഷ്ട്രീയ അനീതിയാണെന്ന് ജോസ് കെ. മാണി. ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ.എം. മാണിയെയാണ് ഈ നടപടിയിലൂടെ യു.ഡി.എഫ്. പുറത്താക്കിയത്. കഴിഞ്ഞ 38 വര്‍ഷം പ്രതിസന്ധി കാലഘട്ടത്തില്‍ മുന്നണിയെ സംരക്ഷിച്ച കെ.എം. മാണിയുടെ രാഷ്ട്രീയത്തെയാണ് യു.ഡി.എഫ്. തള്ളിപ്പറഞ്ഞതെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
യു.ഡി.എഫ്. തീരുമാനം വന്നതിന് പിന്നാലെ കോട്ടയത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ജോസ് കെ. മാണി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവക്കാത്ത നിസാരമായ കാരണത്തിനാണ് യുഡിഎഫ് ജോസ് വിഭാഗത്തെ പുറത്താക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെയോ പദവിയുടെയോ പ്രശ്നമല്ല. ഇതൊരു നീതിയുടെ പ്രശ്നമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാന്‍ ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് ആ ധാരണയില്‍ രാജിവക്കണമെന്നാണ് യുഡിഎഫ് പറയുന്നതെന്നും ജോസ് കെ മാണി ആവര്‍ത്തിച്ചു.
പാലാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ജോസഫ് വിഭാഗം ശ്രമിച്ചു. ഇതിനെതിരേ യുഡിഎഫിന് പരാതി നല്കി. എന്നാല്‍ പരാതി യുഡിഎഫ് അവഗണിച്ചു. ഇക്കാര്യത്തില്‍ യുഡിഎഫ് യാതൊരു ചര്‍ച്ചയോ നടപടിയോ എടുത്തില്ലെന്നും ജോസ് കെ മാണി ആരോപിച്ചു. ഇപ്പോഴുള്ള പ്രശ്ന പരിഹാരത്തിന് പാര്‍ട്ടി മുന്നോട്ടുവെച്ച നിര്‍ദേശം യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. പുറത്താക്കി കഴിഞ്ഞിട്ട് ഇനിയൊരു ചര്‍ച്ചയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
ധാരണ പാലിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കിയതെങ്കില്‍ ജോസഫ് വിഭാഗത്തെ ആയിരം തവണയെങ്കിലും പുറത്താക്കേണ്ടതാണ്. ചിലര്‍ക്ക് മാത്രം നീതി എന്നത് അനീതിയാണ്. യുഡിഎഫ് തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്നും ജോസ് കെ മാണി തുറന്നടിച്ചു. ഇനി ജനങ്ങളാണ് പാര്‍ട്ടിയുടെ മുന്നിലുള്ള സാധ്യതയെന്നും പുറത്താക്കിയാലും പാര്‍ട്ടിയിലെ ജനപ്രതിനിധികള്‍ രാജിവെക്കില്ലെന്നും ജോസ് വിഭാഗം വ്യക്തമാക്കി.
ജോസഫ് വിഭാഗം യുഡിഎഫിനെ ഭീഷണിപ്പെടുത്തി. യോഗം ബഹിഷ്കരിക്കുമെന്ന ജോസഫ് വിഭാഗത്തിന്റെ ഭീഷണിക്ക് യുഡിഎഫ് വഴങ്ങിയെന്നും ജോസ് വിഭാഗം ചൂണ്ടിക്കാണിച്ചു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണിത്. ആത്മാഭിമാനം ആര്‍ക്കും മുന്നിലും അടിയറവക്കില്ല. നാളെ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മറ്റ് രാഷ്ട്രീയ തീരുമാനം കൈകൊള്ളുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
content highlights: jose k mani press meet, jose k mani faction expelled from udf
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..