കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ. മാണി. ബിഷപ്പ് സാമൂഹ്യ തിന്‍മക്കെതിരേ ജാഗ്രത പുലർത്താന്‍ നിർദേശിക്കുകയാണ് ചെയ്തത്. ബിഷപ്പിനെ അധിക്ഷേപിച്ചവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ജോസ് കെ. മാണി ആരോപിച്ചു. 

ബിഷപ്പിന്റെ പരാമര്‍ശം വിവാദമാക്കാന്‍ പ്രത്യേക അജണ്ടയുണ്ട്. മയക്കുമരുന്ന് സാമൂഹിക വിപത്താണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ബിഷപ്പ് ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കേണ്ടതില്ലെന്നും ജോസ് കെ. മാണി വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. 

ബിഷപ്പിന്റെ പരാമര്‍ശം വിവാദമായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജോസ് കെ. മാണിയുടെ പ്രതികരണം. വിഷയത്തില്‍ ജോസ് കെ. മാണി വിഭാഗത്തിന്റെ പ്രതികരണം വൈകുന്നതില്‍ സഭയ്ക്കുള്ളിലും അണികള്‍ക്കിടയിലും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജോസ് കെ. മാണി നിലപാട് വ്യക്തമാക്കാനുള്ള ആര്‍ജവം കാണിക്കണമെന്ന് ദീപികയിലെ ലേഖനത്തിലൂടെ സഭ വിമര്‍ശിച്ചതിന് പിന്നാലെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം. 

content highlights: jose k mani backs pala bishops in controversial statement