ബിജു രമേശ്, ജോസ്.കെ. മാണി| ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ജോസ് കെ മാണിക്കെതിരായ ബിജു രമേശിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ തലപൊക്കുന്നു. ബാര്‍ കോഴ കേസ് വിവാദങ്ങള്‍ അസ്തമിച്ചെന്ന് കരുതിയിരുന്ന സമയത്താണ് അപ്രതീക്ഷിതമായി ജോസ്.കെ.മാണിക്കെതിരായ ബിജു രമേശിന്റെ പുതിയ വെടിപൊട്ടിക്കല്‍.
യു.ഡി.എഫ് വിട്ട് ജോസ്.കെ.മാണി എല്‍ഡിഎഫിലേക്ക് പോയ പശ്ചാത്തലത്തിലാണ് ബിജു രമേശിന്റെ ആരോപണം വരുന്നത്. മാത്രമല്ല ബാര്‍ കോഴ വിവാദത്തില്‍ അന്തരിച്ച മുന്‍ ധനമന്ത്രി കെ.എം. മാണിയെ പിന്നില്‍ നിന്ന് കുത്തിയത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയായിരുന്നുവെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തിരുന്നു.
ഇതിനിടയില്‍ ഇത്തരമൊരു വിവാദം പെട്ടെന്ന് ഉണ്ടാക്കിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് ജോസ് വിഭാഗം കരുതുന്നത്. എന്നാല്‍ ബിജു രമേശിന്റെ പുതിയ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നാണ് റോഷി അഗസ്റ്റിന്‍ എംഎല്‍എ വ്യക്തമാക്കിയത്. ആരോപണങ്ങള്‍ ജോസ് കെ.മാണിയും നിഷേധിക്കുന്നുണ്ട്.
കേസില്‍ മാണിക്ക് പങ്കില്ലെന്ന കാര്യങ്ങളൊക്കെ പുറത്തുവന്നതാണെന്നും അദ്ദേഹം പറയുന്നു. അതേസമയം ബിജു രമേശിന്റെ ആരോപണത്തോട് തത്കാലം പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍. ജോസ്.കെ.മാണി മുന്നണി മാറിയതിന് പിന്നാലെ ഉണ്ടായ പുതിയ വെളിപ്പെടുത്തലിനോട് കരുതലോടെ അകലം സൂക്ഷിക്കുകയാണ് ഇടത് വൃത്തങ്ങള്‍.
യുഡിഎഫില്‍ നിന്ന് കെ.എം. മാണി എല്‍ഡിഎഫിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ ഉയര്‍ന്നുവന്നിരുന്ന സാഹചര്യത്തിലാണ് ബാര്‍ കോഴ വിവാദം ഉടലെടുക്കുന്നത്. അന്നും ബിജു രമേശിന്റെ ആരോപണമായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച വിവാദങ്ങള്‍ക്ക് പിന്നാലെ നിയമസഭയില്‍ നടന്ന കയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങള്‍ നീണ്ടു.
ഇപ്പോള്‍ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ യു.ഡി.എഫിനും എല്‍ഡിഎഫിനും ഒരുപോലെ ക്ഷീണമുണ്ടാക്കുന്നതാണ്. ബാര്‍കോഴ വിവാദ സമയത്ത് അന്നത്തെ മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്ക് പണം കൈമാറിയിരുന്നുവെന്ന് കൂടി ബിജുരമേശ് പറയുമ്പോള്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ യുഡിഎഫിനെ വെട്ടിലാക്കാന്‍ പോന്നതാണ്.
ഇതിനിടെ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. ഇരുമുന്നണികള്‍ക്കും എതിരായ ആരോപണം രാഷ്ട്രീയമായി പ്രയോജനം ചെയ്യുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ കരുതുന്നത്.
Content Highlights: Jose K Mani and Biju ramesh, Kerala bar bribery scam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..