-
കോട്ടയം: ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം സംബന്ധിച്ച് ധാരണയില്ലെന്ന ജോസ് കെ.മാണിയുടെ വാദങ്ങള്‍ തള്ളി കെ.എം.മാണിയുടെ വിശ്വസ്തനും കേരള കോണ്‍ഗ്രസ് (എം) മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന ഇ.ജെ.ആഗസ്തി.
ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം സംബന്ധിച്ച് ധാരണയുണ്ടെന്ന് തന്നെ അറിയിച്ചിരുന്നതായി ആഗസ്തി പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസിലെ ചര്‍ച്ചയ്ക്ക് ശേഷം പിറ്റേന്ന് കേരള കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും തന്നോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. മാതൃഭൂമി ന്യൂസിനോടായിരുന്നു ആഗസ്തിയുടെ പ്രതികരണം.
കെ.എം.മാണിയുടെ സന്തതസഹചാര്യയും 25 വര്‍ഷം യുഡിഎഫിന്റെ കോട്ടയം ജില്ലാ ചെയര്‍മാനുമായിരുന്നു ഇ.ജെ.ആഗസ്തി. മുന്നണി സംവിധാനത്തിലല്ലാതെ കേരളത്തില്‍ ഒറ്റയ്ക്കുനില്‍ക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജോസ് കെ.മാണി വിളിച്ചുചേര്‍ത്ത പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയിലും ഉന്നതാധികാര സമിതിയിലും തന്നെ അറിയിക്കാത്തതിനാല്‍ പങ്കെടുത്തില്ല. താന്‍ മാനസികമായി യുഡിഎഫുകാരനാണ്. ഇപ്പോഴത്തെ കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും ആഗസ്തി പറഞ്ഞു.
ഇതിനിടെ കെ.എം.മാണിയുടെ വിശ്വസ്തനായ ആഗസ്തിയെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ പി.ജെ.ജോസഫ് ആരംഭിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..