Photo: Screengrab
കൊച്ചി: കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തിനിടെ ഉണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ നടൻ ജോജു ജോർജ് പറഞ്ഞതൊക്കെ പച്ചക്കള്ളവും ആഭാസവുമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിഹാസ്. ജോജുവിനെ പോലെയുള്ളവരെ മഹത്വവത്കരിക്കരുതെന്നും അത്തരത്തിൽ മഹത്വവത്കരിക്കപ്പെടേണ്ട വ്യക്തിയല്ല ജോജുവെന്നും ഷിയാസ് പറഞ്ഞു.
ഒരു ആംബുലൻസിൽ ക്യാൻസർ രോഗിയായ കുട്ടി ഇരിക്കുന്നുണ്ട്. അവർക്ക് ചൂട് കൊള്ളാൻ സാധിക്കില്ല, അവർ വിയർക്കുകയാണ്, ഓട്ടോ റിക്ഷയിൽ എസി ഇടാൻ സാധിക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആരെങ്കിലും അത്തരത്തിൽ ഒരു ആംബുലൻസോ രോഗിയേയോ കണ്ടിട്ടുണ്ടോ? ജോജു ജോർജ് തെറിയഭിഷേകം നടത്തിയെന്നും ഷിയാസ് കൂട്ടിച്ചേർത്തു.
ഞാൻ ജോലി ചെയ്താണ് പണമുണ്ടാക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം. ഞങ്ങള്‍ എല്ലാവരും ജോലി ചെയ്യാതെയാണോ പണമുണ്ടാക്കുന്നത്? എല്ലാവരും പണിയെടുത്തിട്ടാണ് പണമുണ്ടാക്കുന്നത്. അദ്ദേഹം പണിയെടുത്താൽ കൂടുതൽ പണം കിട്ടും. നമ്മൾ പണിയെടുത്താൽ തുച്ഛമായ വരുമാനമേ ഉള്ളു. അതുകൊണ്ട് തന്നെ ഈ തുച്ഛമായ വരുമാനം കൊണ്ട് 150 രൂപയ്ക്ക് പെട്രോൾ അടിക്കാൻ പറ്റുമോ? 110 രൂപ കൊടുത്ത് ഡീസൽ അടിക്കാൻ പറ്റുമോ? അദ്ദേഹം പറഞ്ഞത് 150 രൂപയാണെങ്കിലും പണം കൊടുത്ത് ഇന്ധനം അടിക്കും എന്നാണ്. എന്നാൽ അത് ശരിയല്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഷിയാസ് പറഞ്ഞു.
അതേസമയം ഒത്തു തീർപ്പിനില്ലെന്നും തുടർനടപടികൾ നിയമ വിദഗ്ദരുമായും പാർട്ടി നേതൃത്വവുമായി ആലോചിച്ച് ചെയ്യുമെന്നും ഷിയാസ് വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..