കൊല്ലം: സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററിന്റെ ഓര്‍മ്മക്കായി കൊല്ലം ടൗണ്‍ ഹാളില്‍ ക്ലബ്ബ് എഫ്എം ജോണ്‍സണ്‍ മ്യൂസിക്കല്‍ നൈറ്റ് ഒരുക്കുന്നു. ജോണ്‍സണ്‍ മാസ്റ്റര്‍ രചിച്ച ഗാനങ്ങള്‍ അടിസ്ഥാനമാക്കി ജനുവരി മൂന്നിന് കൊല്ലം ടൗണ്ഹാളില്‍ പ്രശസ്ത ഗായകന്‍ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയില്‍ നിരവധി പ്രഗല്‍ഭരായ ഗായകര്‍ അണിനിരക്കും.

മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോണ്‍സണ്‍ മാസ്റ്റര്‍, ഭരതന്റെ ആരവം,തകര,ചാമരം, എന്നീ ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചുകൊണ്ട് സംഗീത ജീവിതം ആരംഭിച്ചു. മലയാള സംഗീത ശ്രേണിയില്‍ ഇതുവരെയും ആരും കേള്‍ക്കാത്ത ഈണങ്ങളാണ് ജോണ്‍സണ്‍ - പത്മരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന മിക്ക ഗാനങ്ങളും. 'കൂടെവിടെ' എന്ന ചിത്രത്തിലെ 'ആടിവാ കാറ്റേ' എന്ന പ്രശസ്തമായ ഗാനമാണ് അവരുടെ ആദ്യത്തെ സംരംഭം. ഇത്രയധികം പാശ്ചാത്യ ക്ലാസിക്കല്‍ ഘടകമുള്ള മലയാളത്തിലെ ആദ്യ ഗാനങ്ങളിലൊന്നായിരുന്നു ഇത്.

തുടര്‍ന്ന് അങ്ങോട്ട് ജോണ്‍സണ്‍ തരംഗമായിരുന്നു. എണ്‍പതുകളില്‍ യുവാക്കളുടെ ചുണ്ടുകളില്‍ അദ്ദേഹത്തിന്റെ ഗാനങ്ങളായിരുന്നു ഈണമിട്ടത്. കിരീടം, ചെങ്കോല്‍, ദശരഥം, ശുഭയാത്ര, കാറ്റത്തെ കിളിക്കൂട്, എന്റെ ഉപാസന, നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്നിങ്ങനെ നിരവധി സിനമികളില്‍ അദ്ദേഹം ഗാനങ്ങള്‍ക്ക് ഈണമിട്ടു. ഒരു ദശാബ്ദത്തിലേറെ നീണ്ട സംഗീത ജീവിതത്തിന് ശേഷം 90 ന്റെ അവസാനങ്ങളില്‍ അദ്ദേഹത്തിന്റെ കൃതികളുടെ അളവ് ക്ഷയിച്ചു തുടങ്ങി. ഇപ്പോളും അദ്ദേഹത്തിന്റെ പാശ്ചാത്യ സംഗീത ശൈലിക്ക് ആരാധകര്‍ ഏറെയാണ്.

മഴ പോലെ മനസ്സിനെ തഴുകുവാന്‍ ജോണ്‍സണ്‍ മാഷിന്റെ മാന്ത്രിക സംഗീതനിശ വീണ്ടുമെത്തുന്നു. മരണമില്ലാത്ത ഈണങ്ങള്‍ക്ക് പകിട്ടേകാന്‍ മലയാളികളുടെ സ്വന്തം ഗായകരും അണിനിരക്കും. ജനുവരി മൂന്നിന് കൊല്ലം ടൗണ്‍ ഹാളില്‍ മാതൃഭൂമി ക്ലബ് എഫ്എം ഒരുക്കുന്ന സംഗീത വിരുന്നിന് ഏവരെയും സ്വാഗതം ചെയ്യുന്നു. പ്രവേശന പാസുകള്‍ ലഭ്യമാണ്. 

Content Highlights: Johnson Master Musical nights club FM