John brittas mp | Photo: ANI
തിരുവനന്തപുരം: അദാനിക്കു ചുവടുപിഴക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ച് പിടക്കുമെന്ന് ജോൺ ബ്രിട്ടാസ് എം.പി. മോദിയുടെയും അദാനിയുടെ വളർച്ച സമാന്തര രേഖകൾ പോലെയാണെന്നും ജോൺ ബ്രിട്ടാസ് ഫെയ്സ്ബുക്കിൽ ആരോപിച്ചു. അദാനിക്കെതിരെയുള്ള ഹിൻഡൻബെർഗ് റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അദാനിക്കു ചുവടു പിഴക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ച് പിടക്കും. കാര്യം ലളിതം. പൊതു പണം എടുത്താണ് അദാനി സാമ്രാജ്യം പടുത്തുയർത്തിയത്. ഇപ്പോഴത്തെ സൂചന പ്രകാരം എൽ.ഐ.സിക്കു നഷ്ട്ടപ്പെട്ടത് 20,000 കോടി രൂപയ്ക്കടുത്താണ്. ബാഹ്യനിർദ്ദേശം ഇല്ലാതെ എൽ.ഐ.സി. അദാനി ഗ്രൂപ്പിൽ 87,380 കോടി നിക്ഷേപിക്കുമോ? പൊതുമേഖലാ ബാങ്കുകൾ അദാനിക്ക് നൽകിയിട്ടുള്ളത് 4.5 ലക്ഷം കോടി!! രണ്ട് മാസം മുൻപ് ( ഡിസംബർ 1, 2022) ഡൽഹി ഇന്ത്യൻ എക്സ്പ്രസ്സ് എൽ.ഐ.സിയുടെ അദാനി പ്രേമത്തെക്കുറിച്ചു ഒരു വാർത്ത നൽകിയിരുന്നു. മറ്റാരും അത് തൊട്ടില്ല എന്ന് മാത്രമല്ല ഇന്ത്യ ടുഡേ അദാനിയെ പുകഴ്ത്തി വെളുപ്പിച്ച് ഒരു കവർ സ്റ്റോറി നൽകി - കീർത്തനം
രാജ്യത്തെ എണ്ണം പറഞ്ഞ പദ്ധതികൾ എല്ലാം പോയത് അദാനിക്ക്. എയർപോർട്ടുകൾ, പോർട്ടുകൾ, മൈനുകൾ, സിമന്റ്... മോദിയുടെയും അദാനിയുടെ വളർച്ച സമാന്തര രേഖകൾ പോലെയാണെന്ന് ഒറ്റ നോട്ടത്തിൽ കാണാം. മോദിക്ക് മുന്നിൽ കുനിഞ്ഞ ഇന്ത്യൻ മാധ്യമങ്ങൾ അതെ നിൽപ്പ് അദാനിക്ക് മുന്നിലും തുടർന്നു. അപവാദമായ NDTV യെ അദാനി അങ്ങ് എടുത്തു.
ഹിൻഡൻബെർഗ് റിപ്പോർട്ട് കോറിയിടുന്നത് ചങ്ങാത്ത മുതലാളിത്ത കമ്പനികളുടെ സ്ഥിരം തിരക്കഥ തന്നെ. പൊതുമേഖല സ്ഥാപനങ്ങളെ പകൽ കൊള്ളയടിക്കുന്നു, സ്വത്ത് പെരുപ്പിക്കുന്നു, ടാക്സ് ഹേവനുകളിൽ ഉള്ള പുറംതോട് കമ്പിനികൾ 'ഇൻവെസ്റ്റ് ' ചെയ്യുന്നു... പക്ഷെ അദാനിക്ക് വേണ്ടിയുള്ള പ്രചാരണം ഉടൻ ഉച്ചസ്ഥായിയിൽ എത്തും... ഇനി വരാനിരിക്കുന്നത് ദേശീയ താല്പര്യത്തിന്റെ വജ്രായുധങ്ങൾ!
Content Highlights: john brittas mp reacting hindenburg report against adani group
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..